Kerala
കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. 16-ാം പ്രതിയായ മുനീര്‍ ഒഴികെയുള്ള 2 മുതല്‍ 15 വരെയുള്ള പ്രതികള്‍ക്കാണ് നേരത്തെ ഏഴ് വര്‍ഷമുണ്ടായിരുന്ന ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തിയത്.
രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്, അഞ്ചാം പ്രതി രാധാകൃഷ്ണന്, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, 10-ാം പ്രതി ജൈജുമോന്‍, 12-ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
16-ാം പ്രതി മുനീറിന്റെ ശിക്ഷ ഒരു വര്‍ഷമായാണ് ഹൈക്കോടതി ഉയര്‍ത്തിയത്. നേരത്തെ മുനീറിന് മൂന്നു മാസം മാത്രമായിരുന്നു ശിക്ഷ ലഭിച്ചത്. ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. ഹുസൈനെതിരെ തെളിവുകളില്ലെന്ന് നേരത്തെ വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഹുസൈനെ കുറ്റവിമുക്തനാക്കിയത്.
16 പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ട് പ്രതികളെ നേരത്തെ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടിയും ഹൈക്കോടതി ശരിവച്ചിരുന്നു. നാലാം പ്രതിയെയും 11-ാം പ്രതിയെയും മണ്ണാര്‍ക്കാട് സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്.
Kerala
കണ്ണൂർ: പയ്യന്നൂരിൽ പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ. ആറുമാസത്തിനിടെ മൂന്നാം തവണയാണ് സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്.
ഹൈക്കോടതിയാണ് അഞ്ചുദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. പരോൾ തേടി ജയിൽ സൂപ്രണ്ടിനെ സമീപിച്ചെങ്കിലും അനുവദിക്കാത്തതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്.
20 വർഷത്തേക്കാണ് നിഷാദിനെ ശിക്ഷിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിലിൽ നിന്ന് മത്സരിച്ച നിഷാദ് ജയിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷമാണ് നിഷാദിനെ ശിക്ഷിച്ചത്.
അതിനാൽ മത്സരിക്കുന്നതിനു തടസമുണ്ടായില്ല. എന്നാൽ ശിക്ഷ റദ്ദാക്കാത്തതിനാൽ നിഷാദിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കാനായില്ല. നവംബർ 25നാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്.
Kerala
കൊച്ചി: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജീവപര്യന്തം ശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപിന്റെ അപ്പീല്‍. ആരോഗ്യകരമായ പ്രശ്നങ്ങളുണ്ട്, ഇതിന് മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നിവ ചൂണ്ടിക്കാണിച്ചാണ് സന്ദീപിന്റെ അപ്പീല്‍.
കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഈ വിധിക്കെതിരെയാണ് സന്ദീപ് അപ്പീല്‍ നല്‍കിയത്. ജസ്റ്റീസ് രാജ വിജയരാഘവന് അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ ഫയലില്‍ സ്വീകരിച്ചത്.
2023 മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അക്രമാസക്തനായ സന്ദീപ് ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതി സന്ദീപ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 307, 326, 324, 323, 341, 201 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചെയ്തതായി അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.
Kerala
തലശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഡീഷണൽ ജില്ലാ സെഷൻസ് (മൂന്ന്) കോടതി ജഡ്ജി റൂബി കെ. ജോസ് മുമ്പാകെ വിചാരണ തുടങ്ങി.
കൊലപാതകം നടക്കുന്ന സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരിക്കുകയും സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്ത ഇ. റിയാസിനെയാണ് കോടതി ഇന്നലെ വിസ്തരിച്ചത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളെ കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞു. ആയുധങ്ങളുമായെത്തിയ സംഘം ശുഹൈബിനെ വളഞ്ഞിട്ട് തുരുതുരാ വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് റിയാസ് മൊഴി നൽകി. താനും ഷുഹൈബും സുഹൃത്ത് നൗഷാദും കാറിൽ പെട്രോളടിക്കാൻ ചാലോട് പോയി മടങ്ങിവരവേ എടയന്നൂരിലെ ‘ഉറി’ എന്ന തട്ടുകടയിൽ കയറി ചായ കുടിച്ചു.
ചായയുടെ പണം നൽകാൻ നില്ക്കുമ്പോൾ നമ്പര്‍ പ്ലേറ്റില്ലാത്ത വെളുത്ത വാഗൺ ആർ കാർ മെല്ലെ വന്നു നിന്നുവെന്നും അതിൽ നിന്നുമിറങ്ങിയ സായുധസംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു വെന്നും റിയാസ് മൊഴി നൽകി. ഷുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച രണ്ടു വാളുകളും ഒരു മഴുവും കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞു.
കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ വേണമെന്ന ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് നേരത്തേ നിർത്തിവച്ച സാക്ഷിവിസ്താരമാണ് ഇന്നലെ വീണ്ടും തുടങ്ങിയത്. ജൂൺ 14 വരെ വിസ്താരം തുടരും. 2018 ഫെബ്രുവരി 18ന് രാത്രി പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
National
റാഞ്ചി: ജാർഖണ്ഡിൽ വാക്കുതർക്കത്തിനൊടുവിൽ യുവതിയെ കാമുകൻ വെടിവച്ചുകൊന്നു. സിംദേഗ ജില്ലയിലാണ് സംഭവം.
കൊലെബിറ പോലീസ് സ്റ്റേഷൻ പരിധിയിലെ നവതോളി ഗ്രാമത്തിലാണ് സംഭവം. ജെബ പർവീൻ(22)ആണ് മരിച്ചത്. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
പ്രതിയെ തിരിച്ചറിഞ്ഞുവെന്നും ഇയാൾ ഒളിവിലാണെന്നും പിടികൂടാൻ അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നും പോലീസ് അറിയിച്ചു.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ഡോ. റാമിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദളിത്- ആദിവാസി സംഘടനകളുടെ സംയുക്ത വേദിയായ അംബേദ്കറൈറ്റ് ഡെമോക്രാറ്റിക്ഫ്രണ്ട് (എഡിഎഫ്) ആവശ്യപ്പെട്ടു.
പ്രിൻസിപ്പലിന്റെ മുറിയിൽനിന്നു നിതിൻ രാജ് പുറത്തേക്കു പോയപ്പോൾ ഡോ. റാമും സ്റ്റാഫ് റൂമിൽനിന്ന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളുണ്ട്. മുൻ വൈരാഗ്യത്താൽ ഡോ. റാം നിതിനിനെ മർദിച്ച് അവശനാക്കി കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് തള്ളി യിട്ടതാണോ എന്ന് സംശയിക്കുന്നു.
നിതിൻ രാജിന്റെ ശരീരത്തിൽ മർദനമേറ്റ പരിക്കുകൾ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വർധിപ്പിക്കുന്നു. കൂടാതെ വയറിൽ കറുത്ത നിറത്തിലുള്ള ദ്രാവകം കണ്ടെത്തിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ഇത് എന്താണെന്നു കണ്ടെത്താനുള്ള അന്വേഷണം ഉണ്ടായില്ല. ജാതി അധിക്ഷേപത്തിന്റെ പേരിൽ ദിവസങ്ങൾക്കു ശേഷം നിതിൻ രാജ് ആത്മഹത്യ ചെയ്തുവെന്നു വിശ്വസിക്കാനാകില്ല. പോലീസും കോളജധികൃതരും ജാതി അധിക്ഷേപം, ലോൺ ആപ്പ് എന്നിവയിൽ ഊന്നി മരണം ആത്മഹത്യയെന്നു വരുത്തിത്തീര് ക്കാനാണു ശ്രമിക്കുന്നത്. നിതിൻ രാജിനെ കെട്ടിടത്തിൽനിന്നു വീണ നിലയിൽ കണ്ടെത്തിയെന്നാണു പ്രിൻസിപ്പൽ മൊഴി നൽകിയത്.
നിതിൻ രാജ് കെട്ടിടത്തിൽനിന്നു ചാടി മരിച്ചതായി ആരും മൊഴി നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വീണ നിലയിൽ കണ്ടെത്തിയ നിതിൻ രാജിന് ആശുപത്രിയിൽ എന്തു ചികിത്സയാണ് നൽകിയതെന്നതും അന്വേഷണവിധേയമാക്കണമെന്ന് എഡിഎഫ് ജനറൽ കൺവീനർ എം. ഗീതാനന്ദൻ ആവശ്യപ്പെട്ടു.
നിതിൻ രാജിന്റെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനതലത്തിൽ ആക്്ഷൻ കൗൺസിൽ രൂപവത്കരിച്ചിട്ടുണ്ടെന്നും എം. ഗീതാനന്ദൻ പറഞ്ഞു. പത്രസമ്മേളനത്തിൽ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഏറ്റെടുക്കും. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പശ്ചിമ ബംഗാൾ പോലീസ് നേരത്തെ ശിപാർശ ചെയ്തിരുന്നു.
സിബിഐ, പോലീസിൽനിന്ന് അന്വേഷണത്തിന്റെ ചുമതല ഏറ്റെടുക്കും. കേസ് കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുമെന്നു സിബിഐ പത്രക്കുറിപ്പിൽ അറിയിച്ചു. കോൽക്കത്ത മേഖലയിലെ ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിലായിരിക്കും എസ്ഐടി പ്രവർത്തിക്കുക.
കേസുമായി ബന്ധപ്പെട്ടു മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് നടപടി. യുപിയിൽനിന്നും ബിഹാറിൽനിന്നും അറസ്റ്റ് ചെയ്ത ഇവരെ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുവന്ന് നോർത്ത് 24 പർഗാനാസ് ജില്ലയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം മൂന്നു പ്രതികളെയും 13 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
മേയ് ആറിനാണ് ബൈക്കിലെത്തിയ അക്രമികൾ ചന്ദ്രനാഥ് രഥിനെ വെടിവച്ചു കൊന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു വെറും രണ്ട് ദിവസത്തിനു ശേഷമാണ് സംഭവം.
National
കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായിയുടെ കൊലപാതകത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
ആക്രമികൾ കോൽക്കത്തയ്ക്കടുത്തുള്ള ബാലിയിലെ ഒരു ടോൾ ബൂത്തിൽ യുപിഐ വഴി പണമടച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് ആണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബൈക്കിലെത്തിയ സംഘം കാറിലിരിക്കുകയായിരുന്ന ചന്ദ്രനാഥിനെ വെടിവയ്ക്കുകയായിരുന്നു.
National
ലക്നോ: യുപിയിൽ ലഹരിക്കടിമയായ യുവാവിനെ വാടകക്കൊലയാളിയെ ഏർപ്പെടുത്തി കൊലപ്പെടുത്തിയത് കുടുംബമെന്ന് കണ്ടെത്തൽ. യുപിയിലെ അംരോഹ ജില്ലയിലാണ് സംഭവം. ദുഷ്യന്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടർന്ന് ദുഷ്യന്തിന്റെ അച്ഛനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിദോലി കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ ഷാംപുർ ഗ്രാമത്തിലെ ഒരു കനാലിന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസമാണ് ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏറെക്കാലമായി മയക്കുമരുന്നിന് അടിമയായ ദുഷ്യന്ത് വീട്ടിലും നാട്ടിലും അക്രമാസക്തനായിരുന്നു. ബന്ധുക്കളെ നിരന്തരം അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
ഇതിൽ സഹികെട്ട് കുടുംബം ജോളിയെന്ന വാടക കൊലയാളിയെ സമീപിക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷനും നൽകി. ദുഷ്യന്തിന്റെ അമ്മയുടെ സ്വർണം പണയം വച്ചാണ് ഇതിനുള്ള പണം കണ്ടെത്തിയത്. കൊലയ്ക്ക് മുൻപായി 55,000 രൂപ കൊലയാളിക്ക് നൽകുകയും ചെയ്തിരുന്നു.
ദുഷ്യന്തിന്റെ അച്ഛനും സഹോദരനും കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ വാടക കൊലയാളിയായ ജോളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Kerala
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിലെ പ്രതി സജി കാണാതായ പിതാവിനെയും കൊന്ന് കുഴിച്ചിട്ടതായി സൂചന. വീടിന്റെ പരിസരത്ത് നടത്തിയ അന്വേഷണത്തിൽ അസ്ഥികഷണവും വസ്ത്രത്തിന്റെ അവശിഷ്ടവും പോലീസിന് ലഭിച്ചു
മാത്യുവിനെ കാണാതായ കേസിൽ സജിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുവെങ്കിലും ഇയാൾ സഹകരിച്ചിരുന്നില്ല. തുടർന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് വീടിന്റെ പരിസരം കുഴിച്ച് പരിശോധിച്ചത്. 2018 മാർച്ചിലാണ് മാത്യുവിനെ കാണാതായത്.
പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയും കൊന്നകേസിലാണ് ഇളയമകനായ സജി അറസ്റ്റിലായത്. രാത്രി മദ്യപിച്ചു എത്തിയ രണ്ടു പേരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടെ സജി റെജിക്ക് ഭക്ഷണം നൽകി. റെജി ഇത് തട്ടിത്തെറിപ്പിച്ചു. ഇതോടെ ദേഷ്യം വന്ന സജി സഹോദരനെ ക്രൂരമായി മർദിച്ചു.
തുടർന്ന് ഷൂസ് ഇട്ട കാൽ കൊണ്ട് കഴുത്തിൽ ചവിട്ടിപ്പിടിച്ചു. ബോധം പോയപ്പോൾ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇത് കണ്ടുകൊണ്ടെത്തിയ അമ്മ മേരിക്കുട്ടിയുടെ മുഖത്ത് പലതവണയിടിച്ചു. കൈയ്ക്ക് പിടിച്ച് കറക്കി ഭിത്തിയിലേക്ക് എറിഞ്ഞു.
മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹങ്ങൾ വീട്ടിലെ ചായിപ്പിലേക്ക് മാറ്റി ഗ്രീൻ ഷീറ്റ് കൊണ്ട് മറച്ചു. രണ്ട് ദിവസത്തിനു ശേഷം രാത്രി പറമ്പിൽ കുഴിച്ചുമൂടി. അതിന് ശേഷം ദിവസങ്ങളോളം ഒന്നും അറിയാത്ത പോലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.
തനിച്ചാണ് കുറ്റകൃത്യം ചെയ്തതെന്ന് സജി പോലീസിനോട് സമ്മതിച്ചിരുന്നു. വിവാഹം കഴിക്കാൻ തടസം നിന്നതും സ്വത്തു തർക്കവും സഹോദരൻ റെജി പിതൃത്വത്തെ ചൊല്ലി അപമാനിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് വെളിപ്പെടുത്തൽ.
Kerala
തൃശൂർ: ബംഗളൂരുവിൽ അതിക്രൂര മർദനത്തിനിരയായി കൊല്ലപ്പെട്ട സുനിത എന്ന മലയാളി യുവതിയുടെ മരണം വീണ്ടും ചർച്ചയാകുന്നു. മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി കൊലക്കേസ് പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന് സുനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ട ഷെറിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയാണ് സുനിത ശ്രദ്ധ നേടുന്നത്. ഷെറിൻ ജയിലിലെ വിഐപി തടവുകാരിയാണെന്ന് സുനിത വെളിപ്പെടുത്തിയിരുന്നു.
ഷെറിന് ശിക്ഷാ ഇളവ് നൽകിയ തീരുമാനത്തിന് പിന്നാലെ ആയിരുന്നു സുനിത വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുൻ ജയിൽ ഡിഐജിയുമായും മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറുമായും ഷെറിനുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ചായിരുന്നു സുനിതയുടെ തുറന്നുപറച്ചിൽ.
2025 ഫെബ്രുവരി ഏഴിന് ആയിരുന്നു സുനിതയുടെ വെളിപ്പെടുത്തൽ. സുനിത വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് അട്ടക്കുളങ്ങര ജയിലിലെത്തിയത്. ഷെറിന് ജയിലിൽ അധിക സൗകര്യങ്ങൾ ലഭിച്ചിരുന്നതായും മേയ്ക്കപ്പ് സാധനങ്ങളും ഫോണും അനുവദിച്ചിരുന്നതായും സുനിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതുകൂടാതെ ഷെറിന്റെ ജയിൽ സുഖവാസത്തിനെതിരെ പരാതി നൽകിയതിൽ തനിക്ക് ഭീഷണി നേരിട്ടുവെന്നും സുനിത ആരോപിച്ചിരുന്നു. ഞായറാഴ്ച ആയിരുന്നു ബംഗളൂരുവിൽ ലൈംഗികാതിക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സുനിതയ്ക്ക് ക്രൂര മർദനമേറ്റത്.
ശരീരമാസകലം പരിക്കേറ്റ സുനിത വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ആയിരുന്നു അന്ത്യം. മലയാളി ദീപക് കൃഷ്ണനാണ് സുനിതയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.
Kerala
പത്തനംതിട്ട: കലഞ്ഞൂര്‍ അനന്തു കൊലക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 2023 ഫെബ്രുവരിയില്‍ അയല്‍വാസി ശ്രീകുമാറാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. പത്തനംതിട്ട ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി 3യാണ് ശിക്ഷ വിധിച്ചത്.
പോലീസ് ശേഖരിച്ച സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ പ്രതി ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് ശിക്ഷാവിധിക്ക് ശേഷം പ്രോസിക്യൂഷന് മാധ്യമങ്ങളോട് പറഞ്ഞു.
ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.
കനാലില്‍ വീണാണ് അനന്തുവിന്റെ മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നു സംശയിച്ച അനന്തുവിനെ അയല്‍വാസിയായ ശ്രീകുമാര്‍ അടിച്ചു കൊന്ന് കനാലില്‍ തള്ളുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവദിവസം എസ്റ്റേറ്റിനുള്ളില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ അവിടെ എത്തിയ ശ്രീകുമാര്‍ അനന്തു ഒറ്റയ്ക്കാകാന്‍ വേണ്ടി കുറെ നേരം കാത്തു നിന്നു. സുഹൃത്തുക്കള്‍ മടങ്ങിയതിനു പിന്നാലെ അനന്തു ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ പിന്നിലൂടെ എത്തി കമ്പി വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി.
അതിനുശേഷം മൃതദേഹം സംഭവ സ്ഥലത്ത് നിന്നു 400 മീറ്ററോളം അകലെ കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതി ഉപേക്ഷിച്ച കമ്പിവടിയും അനന്തുവിന്റെ മൊബൈല്‍ ഫോണും കനാലില്‍ നിന്നു പോലീസ് കണ്ടെത്തി. ഇത് കേസില്‍ നിര്‍ണായക തെളിവായി.
Kerala
കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച പയ്യോളി മനോജ് വധക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ സ്വീകരിച്ച അച്ചടക്ക നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു. എസ്പി ജോസി ചെറിയാന്, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ. വിനോദന്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
2012 ഫെബ്രുവരി 12ന് ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിന്റെ അന്വേഷണത്തില്‍ വീഴ്ച ആരോപിച്ചാണ് ഇരുവര്‍ക്കും എതിരേ വകുപ്പുതല നടപടി ആരംഭിച്ചത്.
അന്ന് വടകര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന ജോസി ചെറിയാനും പയ്യോളി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറായിരുന്ന കെ.കെ. വിനോദനും പയ്യോളി മനോജ് വധക്കേസ് അന്വേഷണത്തില്‍ കൃത്യവിലോപം കാട്ടിയെന്നായിരുന്നു സിബിഐ റിപ്പോര്‍ട്ടിലെ പരാമര്‍ശം.
തെളിവ് നശിപ്പിക്കല്‍, ആയുധങ്ങള്‍ വ്യാജമായി കണ്ടെടുക്കല്‍, പ്രതികളെ രാഷ്ട്രീയ സ്വാധീനത്താല്‍ കീഴടങ്ങാന്‍ അനുവദിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരുന്നത്. വകുപ്പുതല അന്വേഷണത്തിനു സിബിഐ ശിപാര്‍ശ ചെയ്തതിനെത്തുടര്‍ന്ന് ഐജി രാജ്പാല് മീണയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ക്കു തെളിവില്ലെന്നായിരുന്നു ഐജിയുടെ കണ്ടെത്തല്‍.
ആയുധങ്ങള്‍ പ്രതികളുടെ സാന്നിധ്യത്തില്‍ തന്നെയാണ് കണ്ടെടുത്തതെന്നാണ് അവര്‍ കോടതിയില്‍ മൊഴി നല്‍കിയതെന്നും സിബിഐ രേഖപ്പെടുത്തിയ മൊഴികള്‍ തെറ്റാണെന്നു സാക്ഷികള്‍ പറഞ്ഞുവെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോള്‍ റിക്കാര്‍ഡുകള്‍ നശിപ്പിച്ചതിന് തെളിവുകളില്ല. അവ ഔദ്യോഗിക സംവിധാനങ്ങളില്‍ ലഭ്യമാണ്. ജോസി ചെറിയാന്റെ ഭാഗത്തുനിന്നു മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായതായി തെളിയിക്കാന്‍ രേഖകളില്ല. പ്രതികളുടെ അറസ്റ്റ് നാടകീയമായിരുന്നു എന്നതിന് വിശ്വസനീയമായ തെളിവുകളില്ലെന്നും ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് പരിശോധിച്ച സര്‍ക്കാര്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നു വിലയിരുത്തിയാണ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയത്.
താന്‍ ഡമ്മി പ്രതിയാണെന്നും യഥാര്‍ഥ പ്രതികളെ പാര്‍ട്ടി മാറ്റിയെന്നും ലോക്കല്‍ പോലീസ് പ്രധാന പ്രതിയാക്കിയ അജിത്ത് കസ്റ്റഡിയിലിരിക്കെ വിളിച്ചു പറഞ്ഞതോടെയാണ് കേസ് വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയത്. സിപിഎം പ്രവര്‍ത്തകരായിരുന്നു പ്രതികളില്‍ ഭൂരിഭാഗവും. ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും പ്രധാന പ്രതികളിലേക്ക് എത്തുമെന്നായതോടെ രാഷ്ട്രീയ ഇടപെടലുകളുണ്ടായതായി ആരോപണമുയര്‍ന്നു.
2016ല്‍ കേസ് സിബിഐ എറ്റെടുത്തു. സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് കൊലയ്ക്കുള്ള ഗൂഢാലോചന നടന്നതെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ചന്തു അടക്കമുള്ള സിപിഎം നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. പ്രതികള്‍ എല്ലാവരും ജാമ്യത്തിലാണുള്ളത്.
National
ഹൈദരാബാദ്: അത്താഴത്തിന് ചിക്കൻകറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയുടെ വെട്ടേറ്റ് ഭർത്താവ് കൊല്ലപ്പെട്ടു. തെലങ്കാനയിലെ കാമറെഡ്ഡിയിൽ നടന്ന സംഭവത്തിൽ ഗോസാങ്കി കോളനി സ്വദേശിയായ കോദൻദം ശിവാജി (28) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനായിരുന്നു സംഭവത്തിന്റെ തുടക്കം. അത്താഴത്തിന് ചിക്കൻകറി ഉണ്ടാക്കത്തിൽ പ്രകോപിതനായ ശിവാജി ഭാര്യ ലക്ഷ്മിയുമായി വഴക്കുണ്ടായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ തൊട്ടടുത്തുള്ള ബന്ധുക്കളായ ദാദയ്യയും ശാരദയും വീട്ടിലെത്തി ദമ്പതികളെ അനുനയിപ്പിച്ചു.
ഇതിനിടെ വീട്ടിലുണ്ടായിരുന്ന അരിവാൾ എടുത്ത് ലക്ഷ്മി ശിവാജിയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Kerala
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പ്രതി സജി കുറ്റം സമ്മതിച്ചു. അമ്മ മേരിക്കുട്ടിയേയും സഹോദരൻ റെജിയേയും കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ മൊഴി നൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സജിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
ഇരുവരെയും കൊലപ്പെടുത്താൻ ആരുടെയെങ്കിലും സഹായം ഇയാൾക്ക് ലഭിച്ചോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് ചൊവ്വാഴ്ച ഉച്ചയോടെ സജിയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പോലീസ് സജിയുടെ വീട്ടിലെത്തുന്നതിന് തൊട്ടുമുൻപ് ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു.
വീടിന് പിന്നിലുള്ള മലഞ്ചെരുവിലേക്കാണ് ഇയാൾ ഓടിക്കയറിയത്. ഇന്ന് ഉച്ചയോടെ അവിടെ നിന്ന് താഴേയ്ക്ക് ഇറങ്ങിവരുന്നതിനിടെ മഫ്തിയിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതിയ്ക്കായി രാവിലെ മുതൽ പോലീസ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ടായിരുന്നു.
കഴിഞ്ഞ ഒമ്പതു മുതലാണ് നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരെ കാണാതായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് പോലീസ് പുരയിടത്തിൽ നടത്തിയ തെരച്ചിലിൽ ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പത്തു വര്‍ഷം മുമ്പ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. 2018-ലാണ് ഇയാളെ കാണാതായത്. അന്നു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല.
ഈ തിരോധാനത്തെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്. ഇതു സംബന്ധിച്ചും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
Kerala
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പ്രതിയെന്ന് സംശയിക്കുന്ന സജിയുടെ വൈദ്യ പരിശോധന പൂർത്തിയായി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്.
തുടർന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ എത്തിച്ച് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്യും. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ഇന്ന് ഉച്ചയോടെ വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് സജിയെ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. സജിയെ കണ്ടെത്താൻ പോലീസ് വലിയ രീതിയിൽ അന്വേഷണം നടത്തി വരികയായിരുന്നു.
പിതാവിനെ കാണാതായതിൽ ഇയാൾക്ക് പങ്കുണ്ടെന്നും അമ്മയെ സ്ഥിരമായി സജി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സഹോദരി സിനി പറഞ്ഞു. ലഹരിക്ക് അടിമയായ സജി, സഹോദരൻ റെജിയുമായി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പ്രതികരിച്ചു.
നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്‍പതു മുതലാണ് ഇവരെ കാണാതായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ സജി ഓടി രക്ഷപെട്ടു.
ഇവരെ കാണാതായി ഇരുപതു ദിവസത്തോളമായെങ്കിലും ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിക്കുന്നത്. സിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കാണാതായതിനെത്തുടർന്നു നാട്ടുകാര്‍ ഇളയ മകനായ സജിയോടു വിവരം തിരക്കിയെങ്കിലും ഇയാള്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്.
വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്തു കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി, ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പത്തു വര്‍ഷം മുന്‍പ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. 2018-ലാണ് ഇയാളെ കാണാതായത്. അന്നു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല. ഈ തിരോധാനത്തെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.
Kerala
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാകും. മേരിക്കുട്ടി, മകൻ റെജി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് 15 ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ മേരിക്കുട്ടിയുടെ ഇളയ മകന് സജിയാണെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഇവരെ കൂടാതെ മേരിക്കുട്ടിക്ക് രണ്ട് മക്കള്കൂടിയാണുള്ളത്.
ഭിന്നശേഷിക്കാരിയായ ഒരു മകള്‍ അഭയകേന്ദ്രത്തിലാണ്. മറ്റൊരു മകള്‍ വിവാഹിതയുമാണ്. അതേസമയം മേരിക്കുട്ടിയുടെ ഭർത്താവിന്റെ തിരോധാനം വീണ്ടും പോലീസ് അന്വേഷിക്കും. 2018ൽ സമാന സാഹചര്യത്തിലാണ് മാത്യുവിനെ കാണാതായത്.
പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പ്രതിയെന്ന് സംശയിക്കുന്ന സജിയെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പോലീസിന്റെ നാല് സംഘങ്ങളാണ് തെരച്ചിൽ നടത്തുന്നത്.
Kerala
കൊച്ചി: രണ്ട് മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണമായ ഇറ്റാലിയൻ നാവികർ ഉൾപ്പെട്ട കടൽകൊല കേസ് വീണ്ടും സുപ്രീംകോടതിയിൽ. കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയിരുന്ന മൂന്നുകോടി രൂപയുടെ ബോണ്ട് തിരികെ ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിലെ ഹർജി.
2012ൽ ആയിരുന്നു മൂന്നുകോടി രൂപയുടെ ബോണ്ട് നിക്ഷേപിച്ചത്. കപ്പൽ ഉടകള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
2012 ഫെബ്രുവരി 15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. എൻറിക്ക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിലെ നാവികർ സെന്റ് ആന്റണി എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നത്.
നീണ്ടകര സ്വദേശികളായ ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരാണ് കൊല്ലപ്പെട്ടത്. 2021ൽ ഇറ്റലി നൽകിയ 10 കോടി നഷ്ടപരിഹാരം സ്വീകരിച്ച് കേസ് അവസാനിപ്പിക്കാൻ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.
നിലവിൽകേസിലെ എല്ലാ നടപടിക്രമങ്ങളും അവസാനിച്ചെങ്കിലും ബോണ്ട് ഇതുവരെ തിരികെ നല്‍കിയിട്ടില്ല. പണം നല്കാന് കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദേശം നൽകണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
National
ചെന്നൈ: വീട്ടിൽ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു. സേലത്ത് വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ യൂഷ്കന്ദ് (10) ആണ് കൊല്ലപ്പെട്ടത്. അമ്മയും രണ്ടു മക്കളും താമസിക്കുന്ന വീട്ടിലേക്കാണ് ഇയാൾ അതിക്രമിച്ചുകയറിയത്.
ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ യൂഷ്കന്ദിന്റെ അമ്മയ്ക്കും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അമ്മ സത്യ (45) സേലം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരിക്കടിമയായ യുവാവാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം.
സേലം മേഖലയിൽ ലഹരിക്കടിമകളായ യുവാക്കളുടെ അതിക്രമങ്ങൾ വ്യാപകമാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം മേട്ടൂരിൽ ലഹരി ഉപയോഗിച്ചെത്തിയ നാലുയുവാക്കൾ ചായക്കടയിലെ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയിരുന്നു.
പുകവലിക്കുകയായിരുന്ന യുവാക്കൾ തൊഴിലാളിയുടെ മുഖത്തേക്ക് പുക ഊതുകയായിരുന്നു. ഇതു ചോദ്യം ചെയ്തതിന്റെ പ്രകോപനത്തിൽ ചായ കുടിച്ച ശേഷം ഗ്ലാസ് പൊട്ടിച്ച് ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിൽ ഷൂ ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കൗമാരക്കാരൻ അനുജനെ കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗുഗ്ലീ പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മൺ ശർമ ആണ് (15) കൊല്ലപ്പെട്ടത്.
സൂരജ് ശർമ(16) ആണ് കത്രിക ഉപയോഗിച്ച് സഹോദരനെ കുത്തിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഓൺലൈനായി ഓർഡർ ചെയ്ത പുതിയ ഷൂസ് ആര് ധരിക്കണം എന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ലക്ഷ്മൺ ശർമയുടെ തലയിലും കൈകളിലും കത്രിക ഉപയോഗിച്ച് നിരവധി തവണ ആക്രമിച്ചു. പരിക്കേറ്റ ലക്ഷ്മൺ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തിൽ വടകരപ്പതി കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. ശെന്തിൽകുമാറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായ ശെന്തിൽകുമാർ സഹോദരിക്കൊപ്പമായിരുന്നു താമസിക്കുന്നത്.
ശെന്തിൽകുമാറും പ്രഭാകരനും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷമാണ് തർക്കമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശെന്തിൽകുമാറിനെ ആദ്യം വേലന്താവളത്തെ ആശുപത്രിയിലും പിന്നീട് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
ഇടുക്കി: മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന ഇരട്ടയാറിൽ നടന്ന സംഭവത്തിൽ ഇരട്ടയാർ വയലുങ്കൽ സ്വദേശി രാഹുൽ സണ്ണിയാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ രാഹുലിന്റെ സുഹൃത്ത് സജയനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സുഹൃത്തുക്കളായ രാഹുലും സജയനും ഇരട്ടയാർ പഴയ പഞ്ചായത്ത് ഓഫീസിന് മുൻപിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിച്ചിരുന്നു.
ഇവിടെ വെച്ചുണ്ടായ വാക്കു തർക്കം സംഘർഷമായി. തുടർന്ന് രാഹുലിനെ സജയൻ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ചു. അബോധാവസ്ഥയിൽ റോഡിൽ കിടന്നിരുന്ന രാഹുലിനെ പോലീസ് കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.
National
ലക്നോ: ഇരട്ട സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൻപുരിൽ നടന്ന സംഭവത്തിൽ മെഡിക്കൽ റെപ്പായ ശശി രഞ്ജൻ മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെയാണ് 11 വയസുള്ള പെൺകുട്ടികളെ ഇയാൾ കൊലപ്പെടുത്തിയത്. ശശി രഞ്ജൻ മിശ്ര കുടുംബത്തോടൊപ്പം കിഡ് വായ് നഗറിലെ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഇരട്ട കുട്ടികൾക്കു പുറമെ ആറുവയസുള്ള ഒരു മകനും ഇയാൾക്കുണ്ട്.
വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുട്ടികളെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ.
സംഭവം നടക്കുമ്പോൾ ഇയാളുടെ ഭാര്യ വീട്ടിലുണ്ടായിരുന്നു. എന്നാൽ കൊലനടന്നത് താൻ അറിഞ്ഞിരുന്നില്ലെന്ന് ഇവർ പോലീസിൽ മൊഴി നൽകി. കൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
National
ബംഗളൂരു: കർണാടകയിലെ ബിജെപി നേതാവ് യോഗേഷ് ഗൗഡർ കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയും മറ്റു 16 പേരും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി. ശിക്ഷ ഇന്നു വിധിക്കും.
National
ബംഗളൂരു: കർണാടകയിലെ ബിജെപി നേതാവ് യോഗേഷ് ഗൗഡർ കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയും മറ്റു 16 പേരും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി. ശിക്ഷ ഇന്നു വിധിക്കും.
Kerala
തൃശൂർ: തൃശൂർ കടകശേരിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കടകശേരി സ്വദേശിനി സഫിയ(70) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സഫിയയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സഫിയയുടെ സ്വർണം നഷ്ടമായിരുന്നു. ഇതാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നത്. മകൾക്കൊപ്പമായിരുന്നു സഫിയ താമസിച്ചിരുന്നത്. മകൾ കഴിഞ്ഞ ദിവസം ഭർത്താവിന്റെ വീട്ടിൽ പോയിരുന്നു.
മകൾ വീട്ടിൽ ഇല്ലാത്തപ്പോൾ സഫിയ ബന്ധു വീട്ടിലേക്ക് പോവുകയാണ് പതിവ്. കഴിഞ്ഞ ദിവസം രാത്രി വൈകിയും സഫിയ എത്താതായതോടെ ബന്ധുക്കൾ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. അപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്. മൂക്കിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു.
സഫിയയുടെ ശരീരത്തിൽ മുറിവുകളും ഉണ്ടായിരുന്നു. ഇവരുടെ ആഭരണങ്ങൾ നഷ്ടമായതായും ബന്ധുക്കൾക്ക് മനസിലായി. ഇതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.
Kerala
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് മൂന്ന് മാസങ്ങൾക്ക് ശേഷം പിടിയിലാകുന്നത്.
മുംബൈയിൽ നിന്നാണ് വിനീഷിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രതി മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെയാണ് പ്രതി പിടിയിലാകുന്നത്.
വിനീഷിനെ ഞായറാഴ്ച നാട്ടിലെത്തിക്കും. മുംബൈ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതി പിടിയിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു. മൂന്ന് മാസമായി മുംബൈയിലെ പല സ്ഥലങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു വിനീഷ്.
ഇതിനിടെ നാട്ടിലുള്ള ഒരു ബന്ധുവിനെ ഫോണിൽ ബന്ധപ്പെടാൻ വിനീഷ് ശ്രമിച്ചിരുന്നു. ഇതോടെയാണ് പ്രതിയുടെ ടവര്‍ ലൊക്കേഷൻ സംബന്ധിച്ച സൂചന പോലീസിന് ലഭിക്കുന്നത്. ഇതേ തുടർന്ന്
മുംബൈയിലെത്തിയ അന്വേഷണ സംഘം രണ്ട് മാസമായി പ്രതിക്കായി തെരച്ചിൽ നടത്തി വരികയായിരുന്നു.
ഞായറാഴ്ച രാവിലെയോട് കൂടി പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുമെന്നാണ് വിവരം. 2021 ജൂൺ 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രണയം നിരസച്ചതിലുള്ള വൈരാഗ്യത്തിൽ ദൃശ്യയെ കുത്തികൊലപ്പെടുത്തുകയായിരുന്നു.
Kerala
കണ്ണൂർ: സിപിഒ ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നിങ്ങനെ മൂന്ന് കുറ്റങ്ങളിലാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീ 2024 നവംബർ 21 നാണ് വീട്ടിൽവച്ച് കൊല്ലപ്പെട്ടത്. ദിവ്യശ്രീയും രാജേഷും അകന്നു കഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചന പരാതി കണ്ണൂർ കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു.
സംഭവ ദിവസം രാവിലെ ദിവശ്രീ കോടതിയിൽ ഹാജരായി ബന്ധം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് കണ്ടെത്തൽ.
Kerala
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് യുവാവ്. ശ്രീ നാരായണപുരം സ്വദേശി ജിത്തു (22) ആണ് കുറ്റംസമ്മതിച്ചത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കിടപ്പുമുറിയിൽവച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും പീഡനശ്രമം നടന്നതായും പോലീസ് പറയുന്നു. വയോധികയുടെ വീടിന്റെ അടുത്തുള്ള ബന്ധുവീട്ടില്‍ സ്ഥിരമായി വന്നിരുന്ന ജിത്തു വയോധികയുടെ വീടുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.
കൊലപാതകത്തിനു ശേഷവും വയോധികയുടെ വീടിനടുത്തുള്ള വീട്ടിലാണ് പ്രതി ഉണ്ടായിരുന്നത്. ജിത്തുവിന്റെ രണ്ടു ഫോണുകളില്‍ ഒരെണ്ണം വയോധികയുടെ വീട്ടില്‍നിന്നു ലഭിച്ചിരുന്നു. പിന്നീട് രണ്ടാമത്തെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ സൈബര്‍ പരിശോധനയിലാണ് ഇയാള്‍ തൊട്ടടുത്തുള്ള വീട്ടില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
വീടിന്റെ പിന്‍വാതിലിന്റെ കുറ്റി തകര്‍ത്ത നിലയിലും മുന്‍വാതില്‍ തുറന്ന നിലയിലുമായിരുന്നു. മുറിയില്‍ നിന്ന് സിഗരറ്റ് കുറ്റികളും മൊബൈല്‍ ഫോണും കണ്ടെടുത്തു. തുടര്‍ന്നാണ് പോലീസ് ഫോണിന്റെ ഉടമയായ ജിത്തുവിനെ പിടികൂടിയത്. സംഭവസമയത്ത് ആക്ടീവായിരുന്ന മറ്റൊരു ഫോണ്‍ കൊലപാതകം നടന്ന വീടിനു സമീപത്തു തന്നെ ഉണ്ടെന്നു കണ്ടെത്തിയതോടെ അടുത്ത വീട്ടില്‍ ഉറക്കത്തിലായിരുന്ന ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ജിത്തു കുറ്റം സമ്മതിച്ചത്. ബുധനാഴ്ച രാവിലെ പുരയിടം വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് വയോധികയുടെ മൃതദേഹം കണ്ടത്. പോലീസ് പ്രതിയെ തിരയുന്നതിനിടയിലും യാതൊരു ഭാവമാറ്റവുമില്ലാതെ ജിത്തു ബന്ധു വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.
National
തെലങ്കാന: ആൺകുഞ്ഞിന് ജന്മം നൽകിയില്ലെന്ന് ആരോപിച്ച് ഗർഭിണിയായ ഭാര്യയെയും രണ്ട് പെണ്മക്കളെയും വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തെലങ്കാനയിലെ ഹനംകൊണ്ടയിൽ നടന്ന സംഭവത്തിൽ മുഹമ്മദ് അസറുദ്ദീനാണ് പിടിയിലായത്.
ഭാര്യ ഫർഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. മൂന്നാമതും പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെയാണ് ഇയാൾ ക്രൂരത ചെയ്തതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരയും നീന്തൽക്കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് മുഹമ്മദ് അസറുദ്ദീൻ മൊഴി നൽകി.
കാൽ വഴുതി മൂന്ന് പേരും വെള്ളത്തിൽ വീണു എന്നാണ് ആദ്യം ഇയാൾ പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിനു മുൻപ് സിസിടിവി ഓഫ് ചെയ്തിരുന്നു. മുൻപ് രണ്ട് തവണ ഫർഹാതിനെ ഇയാൾ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയിരുന്നു.
NRI
സാൻ അന്റോണിയോ(ടെക്സാസ്): അമേരിക്കയിലെ സാൻ അന്റോണിയോയിൽ മൂന്ന് വർഷം മുൻപ് ഊബർ ഡ്രൈവറെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡൊമിനിക് ക്രൂം (33) എന്നയാളെയാണ് ബെക്സർ കൗണ്ടി കോടതി ശിക്ഷിച്ചത്.
2023 മാർച്ചിലായിരുന്നു സംഭവം. ജോലിയിലായിരുന്ന ഊബർ ഡ്രൈവർ റോബർട്ട് ഡയസിനെ യാത്രക്കാരനായി എത്തിയ ഡൊമിനിക് വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
കൊലപാതകം നടന്ന സ്ഥലത്തുനിന്നും ലഭിച്ച ഡയസിന്റെ ഐഫോണിലെ ഊബർ ആപ്പിൽ യാത്ര അവസാനിച്ചിരുന്നില്ല. യാത്രക്കാരനായി രേഖപ്പെടുത്തിയിരുന്നത് ഡൊമിനിക്കിന്റെ പേരായിരുന്നു. കൂടാതെ സിസിടിവി ദൃശ്യങ്ങളും പ്രതിയെ പിടികൂടാൻ സഹായിച്ചു.
ഒരാഴ്ച നീണ്ടുനിന്ന വിചാരണയ്ക്കൊടുവിൽ, ഫെബ്രുവരി 6-നാണ് റോബർട്ട് കാർബോണൽ ഡയസിനെ കൊലപ്പെടുത്തിയ കേസിൽ ഡൊമിനിക് ക്രൂം (33) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബെക്സർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ അറിയിപ്പ് പ്രകാരം, മാർച്ച് 20 വെള്ളിയാഴ്ച കോടതി പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
Kerala
തിരുവനന്തപുരം: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ. ശിക്ഷാവിധി കേള്‍ക്കാനെത്തിയ വന്ദന ദാസിന്റെ അമ്മ പ്രതിക്ക് വധശിക്ഷ വേണമെന്ന് പ്രതികരിച്ചു. നിയമ പോരാട്ടം തുടരുമെന്ന് വന്ദന ദാസിന്റെ അച്ഛൻ മോഹൻദാസ് പറഞ്ഞു.
വന്ദന ദാസ് കൊലപാതകത്തിൽ 30 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം എന്നാണ് കോടതി വിധിച്ചതെന്നും പ്രോസിക്യൂഷൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, അപൂർവങ്ങളിൽ അപൂവമായ കേസല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വന്ദനയുമായി സന്ദീപിന് മുൻകാല വൈരാഗ്യമില്ല, ആയുധവുമായി എത്തി കരുതികൂട്ട ആക്രമിച്ചതല്ല. പ്രതിയുടെ തകർന്ന മാനസിക നിലയിൽ സംഭവിച്ചതാണ്.
ജയിലുള്ളിൽ വച്ച് പ്രതി സൈകാട്രി പുസ്തകങ്ങള്‍ വായിച്ചത് മെഡിക്കൽ ബോർഡിന് മുന്നിൽ മാനസികാരോഗമുണ്ടെന്ന് വരുത്തി തീർക്കാനല്ല. തനിക്ക് സംഭവിക്കുന്നതെന്താണെന്ന് മനസിലാക്കാൻ ഒരു അധ്യാപകൻ കൂടിയായ സന്ദീപ് പുസ്കങ്ങള് വായിച്ചുവെന്നുമാത്രമാണ് പ്രതിഭാഗം വാദിച്ചത്.
ആശുപത്രിയിൽ സംഭവിച്ചതെന്തന്ന് തനിക്കറിയില്ലെന്നും പ്രായാച്ഛിത്തം ചെയ്യാൻ അവസരം തരണമെന്നും സന്ദീപ് കോടതിയോട് പറഞ്ഞിരുന്നു. വന്ദനയുടെ മാതാപിതാക്കളും സന്ദീപിന്റെ അമ്മയും വാദം കേള്‍ക്കാനെത്തിയിരുന്നു.
Kerala
കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസിൽ ശിക്ഷ സംബന്ധിച്ച വാദം പൂര്‍ത്തിയാക്കി വിധി 21ന് പ്രഖ്യാപിക്കും. ചെയ്ത കുറ്റങ്ങൾ മനപൂർവമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്നും പ്രതി സന്ദീപ് കോടതിയിൽ പറഞ്ഞു.
താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്നും സന്ദീപ് കോടതിയോട് അപേക്ഷിച്ചു. പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്നും പ്രതി കോടതിയോട് അപേക്ഷിച്ചു.
എന്നാൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ വാദങ്ങളാണെന്നും സന്ദീപിന്റേതെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
കോടതി നടപടികൾക്കിടെ മകൾ നേരിട്ട ക്രൂരതകളെക്കുറിച്ച് വിവരിക്കുന്നത് കേൾക്കവേ വന്ദനയുടെ മാതാപിതാക്കൾ കോടതിക്കുള്ളിൽ പൊട്ടിക്കരഞ്ഞു.
അതേസമയം, സന്ദീപ് ആശുപത്രിയിലെത്തിയത് വന്ദനയെ കൊലപ്പെടുത്താൻ അല്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിക്ക് മാനസികപ്രശ്നങ്ങൾ ഉണ്ട് എന്നും കേസിന്റെ വാദപ്രതിവാദങ്ങൾക്കിടയിൽ പ്രതിഭാഗം ആരോപിച്ചു.
ജയിലിലെ ലൈബ്രറിയിൽനിന്ന് മാനസികാരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ചു പഠിച്ച ശേഷം തന്നെ ഇന്റർവ്യൂ ചെയ്യാൻ വന്ന മെഡിക്കൽ ബോർഡിലെ വിദഗ്ധ സൈക്യാട്രി ഡോക്ടർമാരെ കബളിപ്പിക്കുന്ന, വഴിതിരിച്ചുവിടുന്ന ഉത്തരങ്ങൾ നൽകിയാണ് പ്രതി കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചിരുന്നു.
Kerala
കൊല്ലം: താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനമനുഷ്ഠിച്ചിരുന്ന കോട്ടയം മുട്ടുചിറ സ്വദേശിനി ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപിനു കുറ്റകൃത്യവാസനയുള്ളതായി തെളിയിക്കുന്നതായിരുന്നു കുറ്റപത്രം. ഇതു തെളിയിക്കുന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് സഹിതമാണ് കുറ്റപത്രം കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സി.ബി. രാജേഷിനു മുൻപാകെ സമർപ്പിച്ചത്.
കുറ്റകൃത്യ വാസന തെളിയിക്കുന്നതിന് സന്ദീപിന്റെ ഭാര്യയുടെ മൊഴിയാണ് മറ്റൊരു തെളിവ്. പലതവണ ഗുരുതരമായി ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായാണ് ഭാര്യയുടെ മൊഴി. സന്ദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ആശുപത്രി പരിസരത്തുണ്ടായിരുന്ന രോഗികൾ തുടങ്ങിയവർ ഉൾപ്പെടെ 136 സാക്ഷികളാണു കുറ്റപത്രത്തിലുള്ളത്.
മദ്യപാനാസക്തിയിൽനിന്നു രക്ഷപ്പെടുത്താൻ രണ്ട് ആശുപത്രികളിൽ ചികിത്സിച്ചിരുന്നു. കൊല്ലത്തെ ആശുപത്രിയിലെ ചികിത്സ പൂർത്തിയാക്കിയില്ല. പിന്നീടൊരിക്കൽ ചടയമംഗലത്തെ ഒരു കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും അവിടെയുള്ള വിൻഡോ ഗ്ലാസ് തകർത്ത് രക്ഷപ്പെട്ടോടിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
26 മുറിവുകളായിരുന്നു ഡോ. വന്ദനയുടെ ശരീരത്തിലുള്ളത്. പോലീസുകാരെ ഉൾപ്പെടെ സന്ദീപ് കുത്തി പരിക്കേൽപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കി. സന്ദീപിന്റെ വസ്ത്രങ്ങളിലെ ഡോ. വന്ദനയുടെ രക്തക്കറ, കുത്താനുപയോഗിച്ച കത്രികയിലെ വന്ദനയുടെ രക്തം തുടങ്ങിയവ സംബന്ധിച്ച ഫൊറൻസിക് ലാബ് റിപ്പോർട്ടുകളും സമർപ്പിച്ചിട്ടുണ്ട്.
ആശുപത്രിയിലെ ചികിത്സാ ദൃശ്യങ്ങൾ സന്ദീപ് തന്നെ സ്വന്തം ഫോണിൽ റെക്കോർഡ് ചെയ്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ഇതിൽനിന്നും തെളിവുകൾ ലഭിച്ചു. ആക്രമണ സമയത്ത് സന്ദീപിനു യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നതിന്റെ തെളിവായാണ് ഈ റിപ്പോർട്ടുകൾ.
1150 പേജുള്ള കുറ്റപത്രത്തിൽ 200 രേഖകളും അവയെ പിന്തുണയ്ക്കുന്ന മറ്റു രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 110 തൊണ്ടിമുതലുകളാണ് കേസിനെ ബലപ്പെടുത്തുന്നത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിൽ 11 അംഗ സംഘമാണ് കേസന്വേഷിച്ചത്.
കൃത്യം നടന്ന് 83-ാം ദിവസം കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, കൊലപാതക ശ്രമം, ജോലി തടസപ്പെടുത്തുക, ആശുപത്രി ജീവനക്കാരെ ആക്രമിക്കുക, ആശുപത്രി അടിച്ചു തകർക്കുക തുടങ്ങിയ വിവിധ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്.
Kerala
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകള്‍ ഡോ. വന്ദന ദാസ് (23) 2023 മേയ് 10ന് പുലര്‍ച്ചെയാണ് കുത്തേറ്റു മരിച്ചത്.
ചികിത്സയ്ക്കായി പൂയപ്പള്ളി പോലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ച കൊല്ലം നെടുമ്പന എല്‍പി സ്കൂള്‍ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സര്‍ജിക്കല്‍ കത്തി ഉപയോഗിച്ചാണ് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു കാലിനു പരുക്കേറ്റ കുടുവട്ടൂര്‍ സ്വദേശി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
ഡ്രസിംഗ് റൂമില്‍ മുറിവ് കെട്ടുന്നതിനിടെ അപ്രതീക്ഷിതമായി അക്രമാസക്തനായ പ്രതി മുന്നില്‍ കണ്ട സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി പോലീസുകാരെയും കൂടെയുണ്ടായിരുന്നയാളെയും ആക്രമിച്ചു. ഭീതിയില്‍ എല്ലാവരും ഓടി മാറി.
പക്ഷേ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിന് അവിടെനിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഡ്രസിംഗ് റൂമില്‍നിന്നു പുറത്തേക്കോടാന്‍ ശ്രമിച്ച വന്ദനയെ പ്രതി തടഞ്ഞു. അവസാനം, നെഞ്ചിലും കഴുത്തിലും മുതുകിലുമായി പലതവണ കുത്തി. ജീവനുവേണ്ടി പോരാടിയ യുവ ഡോക്ടര്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി.
സങ്കീര്‍ണമായിരുന്നു കേസ് അന്വേഷണമെന്നും എന്നാല്‍, സാധ്യമായ എല്ലാ തെളിവുകളും ശേഖരിക്കാന്‍ കഴിഞ്ഞുവെന്നും കോടതിയില്‍ തെളിയിക്കാനായെന്നും അതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും കേസന്വേഷണത്തില്‍ ഒപ്പം നിന്നവരോട് നന്ദിയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കി. കുറ്റപത്രത്തിലെ വാദങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞെന്നും കനത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍ പറഞ്ഞു.
Kerala
ഡോ. വന്ദന ദാസ് വധക്കേസിലെ പ്രതി കുറ്റക്കാരനെന്ന് കൊല്ലം സെഷൻ കോടതി വിധിച്ചിരിക്കെ വിചാരണ നടപടികൾക്കിടയിൽ പ്രതിക്കെതിരേ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ നടത്തിയ നിയമ പോരാട്ടവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. പ്രതിഭാഗത്തിനായി വിചാരണയിൽ ഹാജരായിക്കൊണ്ടിരുന്ന അഭിഭാഷകനു പിന്നാലെ എത്തി വക്കാലത്തെടുത്ത ഹൈക്കോടതി അഭിഭാഷകരായ രണ്ടു പേർ വിചാരണ വേളയുടെ വിവിധ ഘട്ടങ്ങളിൽ മരണമടഞ്ഞിരുന്നു.
പ്രസ്തുത ഘട്ടത്തിൽ വിചാരണ നടപടികൾ തടസപ്പെടുകയും നീട്ടിവയ്ക്കുകയും ചെയ്തു. തുടർന്ന് കോടതി നിശ്ചയിച്ച സമയങ്ങളിൽ അഭിഭാഷകനെ ഹാജരാക്കാൻ പ്രതി സമയം ചോദിക്കുന്നതല്ലാതെ പ്രതിക്കായി അഭിഭാഷകർ ഹാജരായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ നീട്ടിക്കൊണ്ടുപോകാൻ പ്രതി ആസൂത്രിതമായി ശ്രമങ്ങൾ നടത്തുന്നത് പ്രോസിക്യൂഷനെക്കൊണ്ട് എതിർക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. കെ. പ്രതിഭ സംസ്ഥാന പോലീസ് മേധാവിയെയും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനെയും സമീപിച്ച് പ്രതിക്കെതിരേ പരാതി നൽകിയിരുന്നു.
പ്രതിഭയുടെ പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കൊല്ലം ജില്ലാ പ്രോസിക്യൂഷന് നിർദേശം നൽകിയിരുന്നു. വിചാരണ തുടരവേ എത്തിയ മറ്റൊരു അഭിഭാഷകനും പ്രതിയുടെ വക്കാലത്ത് ഒഴിയുകയും പ്രതിഭാഗത്തിനു പുതിയ അഭിഭാഷകനെ ഹാജരാക്കാൻ കോടതി സമയം അനുവദിക്കുകയും വീണ്ടും വിചാരണ നീളുകയും ചില കാരണങ്ങളാൽ വിചാരണ തടസപ്പെടുകയും ചെയ്തു. ഇതു സംബന്ധിച്ച് ഡോ. കെ. പ്രതിഭ ഹൈക്കോടതി രജിസ്ട്രാർ ജനറലിനെ സമീപിച്ചു പരാതി നൽകി പ്രതിക്കെതിരേ നിയമ പോരാട്ടം തുടർന്നു. ഡോ. കെ. പ്രതിഭയുടെ പരാതിയിൽ ഹൈക്കോടതി രജിസ്ട്രാർ ജനറൽ വിചാരണക്കോടതിയോടു റിപ്പോർട്ട് തേടുകയും വിചാരണ നടപടികൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം വിചാരണ ഒരിക്കലും തടസപ്പെടാത്തതും വേഗത്തിലായതും ശ്രദ്ധേയമാണ്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സന്ദീപിനെ ചികിത്സിക്കാൻ പോലീസ് എത്തിക്കവേ പോലീസ് മാറിനിന്നത് പ്രതികളുടെ വൈദ്യ പരിശോധനാ ഉത്തരവിലെ നിർദേശങ്ങളുടെ ഭാഗമായിരുന്നുവെന്ന പ്രചാരണവും വന്ദന ദാസിന്റെ മരണത്തിന്റെ മറവിലുണ്ടായി.
കേസിൽ അറസ്റ്റിലാകുന്ന പ്രതികളെ കോടതിയിൽ എത്തിക്കുന്നതിനു മുന്നോടിയായിട്ടുള്ളതും റിമാൻഡിനു ശേഷവുമുള്ള വൈദ്യ പരിശോധനകളിൽ കസ്റ്റഡി മർദനം ഡോക്ടർക്ക് ബോധ്യമായാൽ പ്രതിക്ക് പോലീസിനെ ഭയക്കാതെ വിവരം ഡോക്ടർമാരോട് തുറന്നുപറയാൻ പരിശോധനാ വേളയിൽ പോലീസ് അല്പം അകലം പാലിക്കണമെന്ന മാർഗരേഖ അടക്കം വൈദ്യ പരിശോധനയ്ക്ക് പുതുക്കിയ നിർദേശങ്ങൾ സർക്കാർ ഉത്തരവായി പുറത്തു വന്നത് ഡോ. കെ. പ്രതിഭ ഹൈക്കോടതി മുഖേന നടത്തിയ നിയമ പോരാട്ടത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പ്രസ്തുത മാനദണ്ഡത്തിലെ ചില വ്യവസ്ഥകളിൽ പ്രതികളെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് മാറിനിൽക്കണമെന്നു വിവരിക്കുന്നതാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സന്ദീപിനെ എത്തിക്കവേ പോലീസിന് മാറി നിൽക്കാൻ പ്രേരണയായതെന്ന വാദം ശരിയല്ലെന്ന ശക്തമായ നിലപാടുമായി ഡോ. കെ. പ്രതിഭ രംഗത്തു വന്നിരുന്നു.
സന്ദീപിനെ പ്രതിയായിട്ടല്ല കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നതെന്നും പോലീസിനു ഫോൺ ചെയ്ത് റോഡിൽ നടക്കാൻ കഴിയാത്തവിധം സന്ദീപ് നിൽക്കവേ ചികിത്സ നൽകുന്നതിനാണ് പോലീസ് എത്തിച്ചതെന്ന ശരിയായ വാദഗതി ചൂണ്ടിക്കാണിച്ചും പ്രതികളുടെ വൈദ്യ പരിശോധനാ നിർദേശങ്ങളും സന്ദീപിന്റെ ചികിത്സയും വ്യത്യസ്തമെന്ന ഡോ. കെ. പ്രതിഭയുടെ നിലപാട് അംഗീകരിക്കപ്പെട്ടിരുന്നു.
നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റീസ് കെ. നാരായണ കുറുപ്പിന്റെ നിയമസഭ അംഗീകരിച്ച ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിലും ഡോ. കെ. പ്രതിഭയുടെ വൈദ്യ പരിശോധന സംബന്ധിച്ച നിലപാടുകളെ കമ്മീഷൻ പ്രത്യേകം പരാമർശിച്ചിരുന്നു.
ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ. കെ. പ്രതിഭ ഇന്ത്യൻ പ്രസിഡന്റിന് നിവേദനം നൽകുകയും ആരോഗ്യ സർവകലാശാല വന്ദന ദാസിന് നൽകിയ എംബിബിഎസ് ബിരുദം മരണാനന്തര ബഹുമതിയെന്ന് ഡോ. കെ പ്രതിഭയുടെ നിവേദനത്തിൽ സർക്കാർ വ്യക്തതയും പുറപ്പെടുവിച്ചിരുന്നു.
വന്ദന ദാസിന്റെ ഘാതകൻ കുറ്റക്കാരനെന്നു തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും വന്ദനയുടെ നീറുന്ന ഓർമ ആരോഗ്യ പ്രവർത്തകരിൽ അണയില്ലെന്നും നിലവിൽ താനൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടർ കൂടിയായ ഡോ. കെ. പ്രതിഭ പ്രതികരിച്ചു.
Editorial
ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. നാളെ ശിക്ഷ വിധിക്കും. അധ്യാപകനായിരുന്ന പ്രതി, 23 വയസ് മാത്രമുള്ള വന്ദനയെ തനിക്കുപോലും ന്യായീകരിക്കാൻ ഒരു കാരണവുമില്ലാതെ തലങ്ങും വിലങ്ങും കുത്തി കൊന്നത് എന്തിനായിരുന്നു?
അയാൾക്ക് ഒരു മാനസിക വിഭ്രാന്തിയുമില്ലെന്നു തെളിഞ്ഞു. പക്ഷേ ഒന്നുണ്ട്, അയാൾ മൂക്കറ്റം മദ്യപിച്ചിരുന്നു. ഇന്ത്യയിൽ മദ്യപാനത്തിന്റെ ഫലമായി പ്രതിവർഷം 2.6 ലക്ഷം പേർ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ട്.
വന്ദനയുടെ മന്ദഹാസം ഒരു നിശ്ചല ചിത്രമായതിനുശേഷവും നിരവധി മനുഷ്യർ മദ്യപരുടെ കൈകളാൽ കൊല്ലപ്പെട്ടു. എന്നിട്ടും സർക്കാർ ആപത്കരമായ മദ്യനയത്തിലൂടെ രോഗങ്ങളുടെ, അപകടമരണങ്ങളുടെ, കൊലപാതകങ്ങളുടെ, ജീവനൊടുക്കലിന്റെ, കുറ്റകൃത്യങ്ങളുടെ, കുടുംബഛിദ്രത്തിന്റെ... വിതരണക്കാരായി തുടരുന്നു. വന്ദന, കേരളത്തിലെ ഇരുട്ടിനെ ഓർമിപ്പിക്കുന്നൊരു നക്ഷത്രത്തിളക്കമാണ്.
2023 മേയ് 10നാണ് ഡോ. വന്ദന കൊല്ലപ്പെട്ടത്. മദ്യപിച്ചു ബഹളമുണ്ടാക്കിയതിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതി സന്ദീപ് അക്രമാസക്തനാവുകയായിരുന്നു. മറ്റ് ഡോക്ടർമാർ ഓടി രക്ഷപ്പെട്ടെങ്കിലും ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് മുറിയിൽ കുടുങ്ങിപ്പോയി.
പ്രതി, പരിശോധനാമുറിയിലുണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ഒപ്പമുണ്ടായിരുന്ന ബന്ധുക്കളെയും പോലീസുകാരെയും ആക്രമിച്ചു. ഇതിനിടെയാണ് കത്രികകൊണ്ട് വന്ദനയെ തുടർച്ചയായി കുത്തിവീഴ്ത്തിയത്. കേസിലെ 136 സാക്ഷികളിൽ 50 പേരും ഡോക്ടർമാരായിരുന്നു.
പ്രതിക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നു തെളിയിക്കാൻ സഹ അധ്യാപകർ മൊഴി നൽകിയെങ്കിലും, മെഡിക്കൽ സംഘം പലതവണ പരിശോധന നടത്തി, മാനസിക വിഭ്രാന്തിയുടെ ലക്ഷണമൊന്നുമില്ലെന്നു റിപ്പോർട്ട് നൽകി. യുപി സ്കൂൾ അധ്യാപകനായിരുന്ന സന്ദീപിനെ ജോലിയിൽനിന്നു പിരിച്ചുവിടുകയും ചെയ്തു.
സമൂഹത്തിനു മാതൃകയാകേണ്ടിയിരുന്നയാൾ നടത്തിയ ക്രൂരത എന്ന നിലയിൽ പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ഇന്നലെ ആവശ്യപ്പെട്ടത്. വന്ദന കൊലക്കേസിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് നിലവിലുള്ള 2012ലെ നിയമം ഭേദഗതി ചെയ്ത്, ‘കേരള ആരോഗ്യ സംരക്ഷ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ഓര്‍ഡിനന്‍സ്’ നിയമമാക്കി.
തീർച്ചയായും ആരോഗ്യപ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്. പക്ഷേ, 2012ലെ നിയമത്തിലെയോ 2023ലെ പുതുക്കിയ നിയമത്തിലെയോ മുൻകരുതലുകൾ ആശുപത്രികളിൽ നടപ്പാക്കിയോ എന്നതിൽ ആത്മപരിശോധന നടത്തേണ്ടതാണ്.
മറ്റൊന്നുകൂടി എടുത്തുപറയേണ്ടതുണ്ട്. സന്ദീപിനെപ്പോലെയുള്ള അക്രമോത്സുകരായവരെ കൂടുതൽ അപകടകാരികളാക്കുന്ന മദ്യലഹരിയെ സർക്കാർ തടയുന്നില്ലെന്നു മാത്രമല്ല, കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്തു. സന്ദീപ് അമിതമായ മദ്യലഹരിയിൽ അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഇന്നും അധ്യാപകനായി തുടരുമായിരുന്നു.
വന്ദന, കുടുംബത്തിന് ആശ്രയവും സമൂഹത്തിനു മികച്ചൊരു ഡോക്ടറുമായി ഇന്നും ഉണ്ടാകുമായിരുന്നു. നാട്ടിലെ മദ്യവ്യാപനത്തിന്റെ രൂക്ഷത മറച്ചുവച്ചുകൊണ്ട് വന്ദന കൊലക്കേസിനെക്കുറിച്ച് പറയാനാകില്ല. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുന്പോൾ 29 ബാറുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോഴുള്ളത് 884.
അതിനു പിന്നാലെയാണ് ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ മദ്യലഹരിയിൽ പ്രതിവർഷം 2.6 ലക്ഷം മരണമോ കൊലപാതകമോ ആത്മഹത്യയോ സംഭവിക്കുന്നുണ്ട്. അതിൽ മുന്നിലുണ്ട് കേരളം.
2021-22ൽ വർഷം 16,619.97 കോടി രൂപയുടെ മദ്യം വിറ്റെങ്കിൽ 2024-25ൽ ഇത് 19,730.66 കോടി കവിഞ്ഞു. വീടിനുള്ളിലും പുറത്തുമായി മദ്യലഹരിയിൽ നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത ഒരു ദിവസവുമില്ല. കൂടുതൽ ഭയാനകമായ മയക്കുമരുന്നിനെക്കുറിച്ചല്ല, മദ്യത്തെക്കുറിച്ചു മാത്രമാണ് ഇവിടെ പറഞ്ഞത്.
പ്രതിക്കു പരമാവധി ശിക്ഷ നൽകുന്നത് നീതിന്യായ നിർവഹണത്തിന്റെ ഭാഗമാണ്. അതു കോടതി നിർവഹിച്ചുകൊള്ളും. പക്ഷേ, കുറ്റകൃത്യം തടയണമെങ്കിൽ അതിന്റെ അടിസ്ഥാന കാരണങ്ങൾ ഇല്ലാതാക്കണം. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ മദ്യം ഒരു ഘടകമാണെങ്കിൽ ആ ഘടകം കൂടുതൽ ‘സന്ദീപു’മാരിലേക്ക് എത്തിക്കുന്നത് സർക്കാരാണ്; പറയാതെ വയ്യ.
Kerala
കൊല്ലം: താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനമനുഷ്ഠിച്ചിരുന്ന കോട്ടയം മുട്ടുചിറ സ്വദേശി ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപിനു കുറ്റകൃത്യവാസനയുള്ളതായി കുറ്റപത്രം. ഇതു തെളിയിക്കുന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് സഹിതം കുറ്റപത്രം കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സി.ബി. രാജേഷിനു മുൻപാകെ സമർപ്പിച്ചത്.
കുറ്റകൃത്യ വാസന തെളിയിക്കുന്നതിന് സന്ദീപിന്റെ ഭാര്യയുടെ മൊഴിയാണ് മറ്റൊരു തെളിവ്. പല തവണ ഗുരുതരമായി ദേഹോപദ്രവം ഏൽപിച്ചിരുന്നതായാണു ഭാര്യയുടെ മൊഴി. സന്ദീപിന്റെ ആക്രമണത്തിൽ പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ആശുപത്രി പരിസരത്തുണ്ടായിരുന്ന രോഗികൾ തുടങ്ങിയവർ ഉൾപ്പെടെ 136 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്.
മദ്യപാനാസക്തിയിൽ നിന്നു രക്ഷപ്പെടുത്താൻ രണ്ട് ആശുപത്രികളിൽ ചികിത്സിച്ചിരുന്നു. കൊല്ലത്തെ ആശുപത്രിയിലെ ചികിത്സ പൂർത്തിയാക്കിയില്ല. പിന്നീടൊരിക്കൽ ചടയമംഗലത്തെ ഒരു കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും അവിടെയുള്ള വിൻഡോ ഗ്ലാസ് തകർത്ത് രക്ഷപ്പെട്ടോടിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
26 മുറിവുകളായിരുന്നു ഡോ.വന്ദനയുടെ ശരീരത്തിലുള്ളത്. പോലീസുകാരെ ഉൾപ്പെടെ സന്ദീപ് കുത്തി പരുക്കേൽപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കി. സന്ദീപിന്റെ വസ്ത്രങ്ങളിലെ ഡോ. വന്ദനയുടെ രക്തക്കറ, കുത്താൻ ഉപയോഗിച്ച കത്രികയിലെ വന്ദനയുടെ രക്തം തുടങ്ങിയവ സംബന്ധിച്ച ഫൊറൻസിക് ലാബ് റിപ്പോർട്ടുകളും സമർപ്പിച്ചിട്ടുണ്ട്.
ആശുപത്രിയിലെ ചികിത്സാ ദൃശ്യങ്ങൾ സന്ദീപ് തന്നെ സ്വന്തം ഫോണിൽ റെക്കോർഡ് ചെയ്ത് സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തിരുന്നു. ഇതിൽ നിന്നും തെളിവുകൾ ലഭിച്ചു. ആക്രമണ സമയത്ത് സന്ദീപിന് യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലെന്നതിന്റെ തെളിവായാണ് ഈ റിപ്പോർട്ടുകൾ.
1150 പേജുള്ള കുറ്റപത്രത്തിൽ 200 രേഖകളും അവയെ പിന്തുണയ്ക്കുന്ന മറ്റു രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 110 തൊണ്ടിമുതലുകളാണ് കേസിനെ ബലപ്പെടുത്തുന്നത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിൽ 11 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
കൃത്യം നടന്ന് 83-ാം ദിവസം കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, കൊലപാതക ശ്രമം, ജോലി തടസപ്പെടുത്തുക, ആശുപത്രി ജീവനക്കാരെ ആക്രമിക്കുക, ആശുപത്രി അടിച്ചു തകർക്കുക തുടങ്ങിയ വിവിധ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്.
സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ തകരാറില്ലെന്നു റിപ്പോർട്ട്. സന്ദീപിനെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ധ സംഘങ്ങളുടേതാണു റിപ്പോർട്ട്.
മാനസികാരോഗ്യത്തിനു പ്രശ്നമുണ്ടെന്നും അതിന്റെ പുറത്താണു കൊലപാതകം നടന്നതെന്നും ചൂണ്ടിക്കാട്ടി സന്ദീപ് കേസിൽനിന്നും രക്ഷപ്പെടാൻ പലതവണ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാനസികാരോഗ്യ പരിശോധനയ്ക്കു സന്ദീപിനെ വിധേയനാക്കിയത്. യാതൊരു മാനസിക പ്രശ്നങ്ങളും സന്ദീപിന് ഇല്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്.
ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സന്ദീപിനു മാനസിക പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു ഈ ഡോക്ടർമാരും നൽകിയ റിപ്പോർട്ട്.
Kerala
കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുന്നതിനിടെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് മൂന്നു വർഷമാകുന്നു. ഏകമകളുടെ വേർപാടു തീർത്ത ശൂന്യതയിൽനിന്ന്, മാതാപിതാക്കളായ മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസും വസന്തകുമാരിയും ഇതുവരെയും മോചിതരായിട്ടില്ല.
2023 മേയ് 10നു രാവിലെ ഏഴോടെയാണ് മോഹൻദാസിന്റെ ഫോണിലേക്കു നടുക്കുന്ന വാർത്തയെത്തിയത്. മകൾക്ക് അപകടം പറ്റിയെന്നായിരുന്നു സന്ദേശം. ആശുപത്രിയിൽ എത്തിയപ്പോൾ മകളുടെ മൃതദേഹമാണു കാണാനായത്. സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റു വന്ദന മരിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
മകളുടെ മരണത്തിൽ ഒരുപാട് ദുരൂഹതകളുണ്ടെന്നും എല്ലാ പുറത്തുകൊണ്ടുവരുമെന്നുമാണ് ആദ്യം മോഹൻദാസ് പറഞ്ഞത്. മകളുടെ ഓർമയ്ക്കായി ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പിൽ ക്ലിനിക് സ്ഥാപിച്ചു. മകളുടെ സ്മരണയിൽ ഡോ. വന്ദന ദാസ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. രോഗികൾക്കു ചികിത്സാസഹായവും അർഹരായവർക്കു വിദ്യാഭ്യാസസഹായവും നൽകാനാണു പദ്ധതി.
സാധാരണക്കാരെ ചികിത്സിക്കാൻ തൃക്കുന്നപ്പുഴയിൽ ഒരു ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആഗ്രഹം വന്ദന മരിച്ച് ഒരു വർഷത്തിനുശേഷം സഫലമായി. അതിനായി ഉപയോഗിക്കുന്നത് ഡോ. വന്ദനയുടെ വിവാഹച്ചെലവുകൾക്കായി മാതാപിതാക്കൾ കരുതി വച്ച പണവും.
തൃക്കുന്നപ്പുഴയിൽ വസന്തകുമാരിക്കു കുടുംബ ഓഹരി ലഭിച്ച സ്ഥലത്താണു ക്ലിനിക് നിർമിച്ചത്. ‘ഡോ. വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്’ എന്ന പേരിലാണ് ക്ലിനിക് പ്രവർത്തിക്കുന്നത്.
ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടിൽ നിന്ന് അമ്മയുടെ വീടായ തൃക്കുന്നപ്പുഴയിലേക്കു പോകാൻ ഡോ. വന്ദനയ്ക്കു താൽപര്യമുണ്ടായിരുന്നെന്ന് അമ്മ വസന്തകുമാരി പറയുന്നു.
പുഴയരികിൽ ഇരുന്നു ചൂണ്ടയിട്ടു മീൻ പിടിക്കാനുമൊക്കെ ഏറെ താൽപര്യമായിരുന്നു. ഇവിടെ സാധാരണക്കാരാണെന്നും അവരെ ചികിത്സിക്കാൻ ഒരു ക്ലിനിക്ക് പണിയണമെന്നും ഡോ. വന്ദന മാതാപിതാക്കളോട് ആഗ്രഹം പറഞ്ഞിരുന്നു.
ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സൗജന്യ സേവനം നടത്താനായിരുന്നു ഉദ്ദേശ്യം. എന്നാൽ അതിനൊന്നും അവസരം നൽകാതെ മകൾ കൊല്ലപ്പെട്ടു. അവളെ നാളെയും ഓർമിക്കാനായി, മകളുടെ ആഗ്രഹ പ്രകാരം ക്ലിനിക്ക് നിർമിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും വസന്തകുമാരി പറഞ്ഞു.
മറക്കില്ലൊരിക്കലും: സ്നേഹസ്മാരകമായി ഡോ.വന്ദന ദാസ് ബ്ലോക്ക്
കൊട്ടാരക്കര: ∙ താലൂക്ക് ആശുപത്രിയിൽ നാടിന്റെ നോവിന്റെ സ്മാരകമായി ഡോ.വന്ദനദാസ് ബ്ലോക്ക്. ആശുപത്രിയിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് സംസ്ഥാന സർക്കാർ ഡോ.വന്ദനദാസ് മെമ്മോറിയൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്ന നാമകരണം ചെയ്തു.
അത്യാഹിത വിഭാഗത്തിന് മുന്നിൽ മനസ് പൊള്ളുന്ന ഓർമയുമായി ഡോ.വന്ദനയുടെ ചിത്രവും ഉണ്ട്.
Kerala
കൊല്ലം: ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ പരിശോധനയ്ക്കെത്തിയ ആളിന്റെ കുത്തേറ്റ് ഡോ. വന്ദന ദാസ് മരിച്ച കേസിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ തെളിഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകൾ ഡോ. വന്ദന ദാസ് (23) 2023 മേയ് 10ന് പുലർച്ചെയാണ് കുത്തേറ്റു മരിച്ചത്.
ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണു കേസ്. സന്ദീപിന്റെ ആക്രമണത്തിൽ മൂന്നു പോലീസുകാർ ഉൾപ്പെടെ അഞ്ചുപേർക്കു പരിക്കേറ്റിരുന്നു.
കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
അക്രമം നടക്കുമ്പോൾ ഡോ. വന്ദന ദാസിനോടൊപ്പം കാഷ്വൽറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ.മുഹമ്മദ് ഷിബിനായിരുന്നു ഒന്നാം സാക്ഷി.
കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ ഹാജരാക്കി. അധ്യാപകനായിരുന്ന സന്ദീപിനെ കേസിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിനെത്തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പു വരുത്താനുള്ള നിയമ ഭേദഗതിയുണ്ടായി. കൂടാതെ, കർശന ശിക്ഷകൾ ഉൾപ്പെടുത്തിയാണ് നിയമം ഭേദഗതി ചെയ്തത്.
തുടക്കത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രതിഭാഗത്തിനായി ആദ്യം വക്കാലത്ത് ഏറ്റെടുത്തത് ബി.എ. ആളുരായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം വക്കാലത്ത് ഏറ്റെടുത്ത മനുവും മരിച്ചു. തുടർന്ന് ജോൺ എസ്. റാൽഫ് കേസ് ഏറ്റെടുത്തെങ്കിലും വൈകാതെ ഒഴിഞ്ഞു. ഇതോടെ വിചാരണ അനിശ്ചിതമായി വൈകി.
ഇതിനെതിരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ഡോ. കെ. പ്രതിഭ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രതിഭാഗത്തിനായി പ്രതാപചന്ദ്രൻ പിള്ള ഹാജരായി വിചാരണ പൂർത്തിയാക്കിയത്. സന്ദീപിന്റെ മാനസിക നില തകരാറിലാണെന്ന വാദവുമായി പ്രതിഭാഗം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
മൊഴികളെല്ലാം പ്രതിക്കെതിരേ
ഡോ.വന്ദനാദാസിനെ ആക്രമിക്കുന്നതു കണ്ടതായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാർ കോടതിയിൽ മൊഴി നൽകി. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും സാക്ഷികൾ തിരിച്ചറിഞ്ഞു.
സംഭവദിവസം കൊട്ടാരക്കര ഗവ.ആശുപത്രിയിൽ താൻ ജോലി ചെയ്തുകൊണ്ടിരുന്ന സമയം പ്രതി ഒബ്സർവേഷൻ മുറിയുടെ മുന്നിൽ ഡോ.വന്ദനയെ തലയ്ക്കും കഴുത്തിനും കുത്തി പരിക്കേൽപിക്കുന്നത് കണ്ടതായി ആശുപത്രി ജീവനക്കാരിയായ മിനിമോൾ മൊഴി നൽകി.
കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോ.വന്ദന ദാസിനെ പ്രതി ജി. സന്ദീപ് ആക്രമിക്കുന്നതു കണ്ടുവെന്നു ദൃക്സാക്ഷിയുടെ മൊഴി.
Kerala
കോട്ടയം: കേരളത്തെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസിൽ ഇന്ന് വിധി പറയുമ്പോൾ കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിൽ ഏക മകളുടെ നീതിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കെ.ജി. മോഹൻദാസും വസന്തകുമാരിയും.
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് ഒരു നിമിഷം കൊണ്ട് ആശുപത്രിമുറിയിൽ അക്രമിയുടെ കത്തിത്തുമ്പിൽ അവസാനിച്ചത്. പ്രതിക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്ന് മോഹന്‍ദാസ് പറഞ്ഞു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ വിശ്വാസമുണ്ട്. 27ഓളം തവണയാണ് മോളെ കുത്തിയതെന്നും ഓടി നടന്ന് എല്ലാവരെയും വിളിച്ചിട്ടും ആരും സഹായിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
2023 മേയ് 10നായിരുന്നു ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ച ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപാണ് ഡോ. വന്ദനയെ ആക്രമിച്ചത്. കാഷ്വാലിറ്റി ഡ്രസിംഗ് റൂമിലെ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.
അന്വേഷണത്തിനായി പ്രത്യേകസംഘത്തെയാണ് സർക്കാർ രൂപീകരിച്ചത്. സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സാക്ഷിമൊഴികൾ അടക്കം ഹാജരാക്കി പ്രോസിക്യൂഷൻ പ്രതിഭാഗത്തിന്റെ വാദങ്ങളെ എതിർത്തു. കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.
ഡോ. വന്ദന ദാസിന്റെ സ്മരണക്കായി മധുരവേലിയിൽ മാതാപിതാക്കൾ കഴിഞ്ഞ ഓഗസ്റ്റിൽ ആശുപത്രി തുടങ്ങിയിരുന്നു.
Kerala
കടുത്തുരുത്തി: ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ പരിശോധനയ്ക്കെത്തിയ ആളിന്റെ കുത്തേറ്റ് ഡോ. വന്ദന ദാസ് മരിച്ച കേസിലെ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെ 2023 മേയ് പത്തിന് പുലര്‍ച്ചെ 4.15 ഓടെയാണ് ഡോ. വന്ദന ദാസിന് (23) ആശുപത്രിയില്‍ പോലീസ് വൈദ്യപരിശോധനയ്ക്കായെത്തിച്ചയാളുടെ കുത്തേറ്റത്.
അത്യാഹിത വിഭാഗത്തില്‍ വച്ച് സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ചു കൊല്ലം കുടവട്ടൂര്‍ എല്‍പി സ്കൂളിലെ അധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപ് (46) ആണ് ഡോക്ടറെ കുത്തിയത്. ഇയാളെ പിന്നീട് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.
മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായിരുന്നു വന്ദന. വീട് നിറയെ വന്ദനയുടെ ഓര്‍മകളുള്ള വസ്തുക്കളും പുസ്തകങ്ങളും പടങ്ങളുമെല്ലാം സൂക്ഷിച്ചിട്ടുണ്ട്. മരണം നടന്ന് രണ്ട് വര്‍ഷവും 10 മാസവും ഏഴ് ദിവസവും ആകുമ്പോഴാണ് വിധി വരുന്നത്.
നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ന് വിധി കേള്‍ക്കാനായി തങ്ങള്‍ കോടതി മുറിയിലുണ്ടാകുമെന്നും മോഹന്‍ദാസും വസന്തകുമാരിയും പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം കാലടി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത്. പോളി എന്ന വിരമിച്ച സൈനികനാണ് കൃത്യത്തിന് പിന്നിൽ. പോളിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോസ്.
കിലുക്കൻ ജോസ് എന്ന അപരനാമത്തിലാണ് കൊല്ലപ്പെട്ട ജോസ് അറിയപ്പെട്ടിരുന്നത്. മഞ്ഞപ്ര കോതായി പാലത്തിനു സമീപമായിരുന്നു കൊലപാതകം നടന്നത്. ഡബിൾ ബാരൽ ഗൺ ആണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് വിവരം.
Kerala
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് അലുവ അതുലിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ട നാല് പേരെ മുണ്ടക്കയത്തിന് സമീപത്ത് നിന്ന് കോട്ടയം പോലീസ് പിടികൂടിയിരുന്നു.
കോട്ടയം പോലീസ് പിടികൂടിയ പ്രതികളെ കൊല്ലം പോലീസിന് കൈമാറിയിട്ടുണ്ട്. ഇതോടെ കേസിലെ എട്ട് പ്രതികളും പിടിയിലായതായി കൊല്ലം സിറ്റി പോലീസ് അറിയിച്ചു. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ തിരുവനന്തപുരത്തു നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
2025 മാർച്ച് 27ന് നടന്ന ജിം സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതിയാണ് അലുവ അതുൽ. സ്വന്തം വീട്ടിൽ അമ്മയുടെ കൺമുന്നിൽ വച്ചാണ് ജിം സന്തോഷ് അലുവ അതുലിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം ഒളിവിൽ പോയ അതുലിനെ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വച്ചാണ് പോലീസ് പിടികൂടിയത്.
ആ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അലുവാ അതുലിനെയാണ് കരുനാഗപ്പള്ളി നഗരത്തിൽ വെച്ച് ഒരു സംഘം വെട്ടിക്കൊന്നത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലെയാണ് അരുംകൊല നടന്നത്.സന്തോഷ് വധകേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപം ആക്രമണം നടന്നത്.
അലുവ അതുലും കൂട്ടുപത്രിയായ കുക്കു എന്ന മനുവും സഞ്ചരിച്ച കാറിനെ ഗുണ്ടാ സംഘം മറ്റൊരു കാറിൽ പിൻ തുടർന്നു. അതുലിന്റെ കാർ നിർമാണം നടക്കുന്ന റോഡിലെ കുഴിയിലേക്ക് ഇടിച്ചിട്ടാണ് സംഘം ആയുധങ്ങളുമായി അതുലിനെയും മനുവിനെയും ആക്രമിച്ചത്.
ഓച്ചിറയിലെ വയനകം ഗുണ്ടാ സംഘത്തിലെ അംഗമാണ് അലുവ അതുൽ. ജിം സന്തോഷിനെ കൊലപ്പെടുത്തി മടങ്ങും വഴി അതുലും സംഘവും കടത്തൂർ സംഘത്തിൽപ്പെട്ട രണ്ട് പേരെ ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അലുവ അതുലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
Kerala
കൊല്ലം: ഗുണ്ടാ തലവൻ അലുവ അതുലിന്റെ കൊലപാതകത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ടുപേർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതാണെന്ന് പോലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ തിരുവനന്തപുരത്തു നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കമ്മീഷണർ വ്യക്തമാക്കി. 2025 മാർച്ച് 27ന് നടന്ന ജിം സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതിയാണ് അലുവ അതുൽ. സ്വന്തം വീട്ടിൽ അമ്മയുടെ കണ്മുൻപിൽ വെച്ചാണ് അലുവ അതുൽ ജിം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കൊലയ്ക്കു ശേഷം ഒളിവിൽ പോയ അതുലിനെ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വച്ചാണ് പോലീസ് പിടികൂടിയത്. ആ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അലുവാ അതുലിനെയാണ് കരുനാഗപ്പള്ളി നഗരത്തിൽ വെച്ച് ഒരു സംഘം വെട്ടിക്കൊന്നത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലെയാണ് അരുംകൊല നടന്നത്.
അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിന് കൈയ്ക്ക് വെട്ടേറ്റു. കടത്തൂർ- വയനകം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. സന്തോഷ് വധകേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപത്തുവച്ച് ആക്രമണമുണ്ടായത്.
Kerala
മലപ്പുറം: അരീക്കോട് മൈമൂന വധക്കേസിലെ പ്രതിയെ നിലമ്പൂര്‍ അകമ്പാടത്ത് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാക്കാലൂര്‍ സ്വദേശി പറക്കോടന്‍ അബ്ദുല്‍ അസീസിനെ (45) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അകമ്പാടം കണ്ണന്‍കുണ്ടിലെ കുറുവന്‍ പുഴയിലാണ് മൃതദേഹം കണ്ടത്. പുഴയില്‍ കുളിക്കാനെത്തിയ സ്ത്രീകളാണ് മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത്. കണ്ടെത്തുമ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു.
2010 ല്‍ അരീക്കോട് നടന്ന മൈമൂന വധക്കേസിലെ പ്രതിയായ അസീസ്, ആ സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഇതിനു മുന്‍പും ഇയാള്‍ ആത്മഹത്യാ ശ്രമങ്ങള്‍ നടത്തിയിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാളെ വീട്ടില്‍ നിന്നും കാണാതായത്. നിലമ്പൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മരണത്തില്‍ കൂടുതല്‍ ദുരൂഹതകളുണ്ടോ എന്നറിയാന്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
ടെക്സസ്: കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട് ജയിലറയ്ക്കുളളിൽ അകപ്പെട്ട അമ്മയ്ക്ക് രണ്ടു പതിറ്റാണ്ടിനു ശേഷം മോചനം. കൊലപാതകക്കുറ്റം ആരോപിച്ചു 22 വർഷം ജയിലറയ്ക്കുള്ളിൽ ദിവസങ്ങൾ എണ്ണിതീർത്ത കാർമെൻ മെജിയ എന്ന വനിതയെയാണ് ടെക്സസ് കോടതി കുറ്റവിമുക്തയാക്കി വിട്ടയച്ചത്.
പത്തുമാസം പ്രായമുള്ള കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്ന കേസിലാണ് ഹോണ്ടുറാസിൽ നിന്നുള്ള അൻപത്തിരണ്ടുകാരിയായ കാർമൽ മെജിയയെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. തെറ്റായ സാക്ഷ്യത്തിന്റെ പേരിലും അപൂർണമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അവരെ ശിക്ഷിച്ചതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
താൻ ശക്തയായിരുന്നു. അവിടെ മരിക്കുമെന്ന് കരുതിയിരുന്നു പക്ഷേ താൻ ദൈവത്തിൽ വിശ്വസിച്ചു എന്ന് ജയിലിൽ നിന്നു പുറത്തേക്കുപോകുന്പോൾ കാർമൻ മാധ്യമങ്ങളോട് പറഞ്ഞു.
ജയിൽ ശിക്ഷ വിധിക്കപ്പെട്ടതിനു പിന്നാലെ നാടുകടത്തൽ ഉത്തരവിനു വിധേയയായിരുന്നു കാർമെൻ മെജിയ. എന്നാൽ പുതിയ വിധിക്കുശേഷം യുഎസ് അധികൃതർ നിയന്ത്രണങ്ങൾ നീക്കിയതായി അവരുടെ അഭിഭാഷകർ പറഞ്ഞു.
2003ലാണ് കാർമന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ഇവരുടെ പരിചരണത്തിലായിരുന്ന പത്തുമാസം പ്രായമുള്ള കുഞ്ഞാണ് പൊള്ളലേറ്റ് മരിച്ചത്. കുഞ്ഞിനെ ആരോ തിളച്ച വെള്ളത്തിൽ മനഃപൂർവം പൊള്ളലേൽപ്പിച്ചതാണെന്ന ഡോക്ടറുടെയും മെഡിക്കൽ വിദഗ്ധന്റെയും
സാക്ഷ്യമൊഴിയുടെ അടിസ്ഥാനത്തിൽ കാർമൻ മെജിയയെ കുറ്റക്കാരിയായി വിധിച്ചു.
തുടർന്ന് അവരുടെ നാലു മക്കളുടെയും സംരക്ഷണാവകാശം നിഷേധിക്കപ്പെട്ടു. കുട്ടികളെ ദത്തെടുക്കലിനായി വിട്ടുകൊടുത്തു.
കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടയിൽ നിമിഷങ്ങൾക്കുള്ളിൽ ജലത്തിന്റെ താപനില 60 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയർന്നതാണ് കാരണമെന്നും, ഇത് വാട്ടർ ഹീറ്റർ മൂലമുണ്ടായ ഗാർഹിക അപകടമാണെന്നും കാർമൻ മെജിയയുടെ അഭിഭാഷകൻ കോടതിയിൽ തെളിയിച്ചു.
2025ൽ, അന്ന് കുട്ടിയുടെ പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ എലിസബത്ത് പീകോക്ക്, മരണകാരണം അപകടമാണെന്ന് മൊഴി നല്‍കുകയും ലഭ്യമായ എല്ലാ വിവരങ്ങളും ഉണ്ടായിരുന്നെങ്കിൽ അത് ഒരു അപകടമാണെന്ന് നിഗമനത്തിലെത്തുമായിരുന്നുവെന്നും പ്രസ്താവിച്ചു. ഒടുവിൽ ഇപ്പോൾ, ടെക്സസ് അപ്പീൽ കോടതി കാർമെൻ മെജിയയെ കുറ്റക്കാരിയല്ല എന്ന് കണ്ടെത്തുകയായിരുന്നു.
ട്രാവിസ് കൗണ്ടി ജഡ്ജി ഡേവിഡ് വാൽബർഗ് കാർമെൻ മെജിയയുടെ കുറ്റങ്ങൾ തള്ളിക്കളയുകയും അവരെ വിട്ടയക്കാൻ ഉത്തരവിടുകയും ചെയ്തു. ഇതൊരു അപകടമായിരുന്നുവെന്നും അതിനു തെറ്റായ ശിക്ഷ അവർക്കു നല്‍കിയെന്നും എന്ന് ട്രാവിസ് കൗണ്ടി അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി കോളിൻ ബെല്ലയർ വാദം കേൾക്കുന്നതിനിടെ സമ്മതിച്ചു.
Kerala
പെരിങ്ങോം: പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി അക്രമം നടത്തി പോലീസിനെ കൈയേറ്റം ചെയ്ത് സിപിഎം പ്രവര്‍ത്തകനായ വധക്കേസിലെ പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍.
കൊഴുമ്മലിലെ സി.വി. വിഷ്ണുപ്രസാദ്, പെരിന്തട്ടയിലെ നിധിന് എന്നിവരെയാണു പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച അര്‍ധരാത്രി 11.45 ഓടെ പെരിങ്ങോം പോലീസ് സ്റ്റേഷനിലാണ് സംഭവം.
കഴിഞ്ഞമാസം 25ന് ഉച്ചയ്ക്ക് യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇഖ്ബാലിനെ സംഘം ചേര്‍ന്ന് ഇരുമ്പുവടിയും ഹെല്‍മറ്റുംകൊണ്ട് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ വിഷ്ണുപ്രസാദിനെ വീട്ടില്‍നിന്നു പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പതിനഞ്ചോളം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മോചിപ്പിക്കാൻ ശ്രമിച്ചത്.
District News
തളിപ്പറമ്പ്: കുന്നരുവിലെ ധനരാജ് വധക്കേസില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിക്കവറി മഹസറില്‍ സാക്ഷിയൊപ്പില്ല. പ്രതിഭാഗം അഭിഷഭാഷകന് കേസിന്റെ വിചാരണ സമയത്താണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
കുന്നരുവിലെ സിപിഎം-ഡിവൈഎഫ്ഐ നേതാവ് സി.വി. ധനരാജ് വധത്തിന്റെ വാദം തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്നതിനിടയിലാണ് പോലീസ് പ്രതികള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന്റെ തെളിവ് പുറത്തുവന്നത്. ധനരാജ് വധവുമായി ബന്ധപ്പെട്ട് പ്രതികളുപയോഗിച്ചിരുന്ന ബൈക്ക് കക്കമ്പാറക്ക് സമീപം ഒളിപ്പിച്ച് വച്ചതായി പ്രതികളിലൊരാളായ മൊട്ടക്കുന്നിലെ മനൂപ് പോലീസിനോട് സമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് പ്രതിയെയും കൂട്ടി ബൈക്കെടുക്കാനായി പോയത്.
തുടര്‍ന്ന് അതുവഴിവന്ന വെള്ളൂരിലെ എം.ടി.പി. ഷുഹൈബ്, മാടക്കാലിലെ വി. മൂസാന്‍ എന്നീ സാക്ഷികളുടെ സാന്നിധ്യത്തിലാണ് ബൈക്ക് കണ്ടെത്തിയതെന്നാണ് കോടതിയില്‍ പോലീസ് നല്കിയ റിക്കവറി മഹസറിലുള്ളത്.
ധനരാജ് വധത്തിലെ പ്രധാന തെളിവായ കെഎല്‍ 59 ജെ 7627 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ കണ്ടെത്തിയതായി പോലീസ് 2016 ജൂണ്‍ 28ന് തയാറാക്കിയ ഈ സുപ്രധാന രേഖയിലാണ് സാക്ഷികളുടെ ഒപ്പില്ലാത്ത അവസ്ഥയുണ്ടായത്. ഇതെല്ലാം തെളിവുകളെ ദുര്‍ബലപ്പെടുത്തുമെന്നും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Kerala
കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി. കൊല്ലം അഡിഷണൽ സെഷൻസ് കോടതി ഈ മാസം 17ന് വിധിപറയും. കേസിൽ ഏഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.
2023 മേയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതി സന്ദീപ് മദ്യലഹയിൽ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്.
പുലർച്ചെ നാലരയ്ക്കാണ് സന്ദീപിനെ പോലീസുകാർ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കുന്നത്. കാലിൽ മുറിവേറ്റ നിലയിൽ മദ്യലഹരിയിൽ കണ്ടെത്തിയ സന്ദീപിനെയാണ് ആശുപത്രിയിലെത്തിച്ചത്.
കൈവിലങ്ങ് വയ്ക്കാതെ ആശുപത്രിയിലെത്തിച്ച സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെയും ഡ്രസിംഗ് റൂമിലുണ്ടായിരുന്ന ജീവനക്കാരനെയും ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ വന്ദന ഒഴികെ ചുറ്റുമുണ്ടായിരുന്നവരെല്ലാം ഓടിരക്ഷപ്പെട്ടു. തുടർന്ന് പ്രതി മേശപ്പുറത്തിരുന്ന കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തുകയായിരുന്നു.
International
കോബ്ലെൻസ് (ജർമനി): 1994ൽ ആയിരുന്നു ജർമനിയിലെ പുരാനഗരമായ കോബ്ലെൻസിലെ ചരിത്രപ്രസിദ്ധമായ എഹ്രൻബ്രീറ്റ്സ്റ്റൈൻ കോട്ടയ്ക്കു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികൾ, കൊല്ലപ്പെട്ടനിലയിൽ യുവതിയുടെ മൃതശരീരം കണ്ടെത്തി. അമേരിക്കയിലെ ടെക്സസിൽനിന്നു വിനോദയാത്രയ്ക്കെത്തിയ 24കാരി ആമി ലോപസ് ആണു കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ക്രൂരമർദനമേറ്റും കുത്തേറ്റും ശ്വാസംമുട്ടിയുമാണ് ആമി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്നു ലഭ്യമായ എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചെങ്കിലും കൊലയാളിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കാലം കടന്നുപോയി, കേസ് അന്വേഷണം നിലച്ചു. എന്നാൽ മുപ്പതോളം വർഷങ്ങൾക്കിപ്പുറം കേസിൽ വലിയ വഴിത്തിരിവുണ്ടായി.
നീതി തേടിയുള്ള യാത്രയ്ക്കു ചിലപ്പോൾ പതിറ്റാണ്ടുകളുടെ ദൈർഘ്യമുണ്ടാകാം. സത്യത്തെ വളച്ചൊടിക്കാൻ കഴിഞ്ഞേക്കാം, പക്ഷേ എക്കാലത്തേക്കും മൂടിവയ്ക്കാൻ കഴിയില്ല. 32 വർഷം മുന്‍പ്, ദാരുണമായി കൊല്ലപ്പെട്ട ആമി ലോപസിന്റെ കൊലയാളി ഒടുവിൽ പിടിയിലായെന്ന് കോബ്ലെൻസ് ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ മാരിയോ മൻവൈലർ പറഞ്ഞു. മാധ്യമങ്ങളോടു വിശദമായി രീതിയിൽ കേസിന്റെ നാൾവഴികൾ വിശദീകരിക്കുകയും ചെയ്തു മൻവൈലർ.
വഴിത്തിരിവായ ഡിഎൻഎ പരിശോധന
2024-ൽ ജർമൻ പോലീസ് വീണ്ടും കേസ് അന്വേഷിക്കാൻ തീരുമാനിച്ചു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. കൊല്ലപ്പെട്ട ആമിയുടെ വസ്ത്രങ്ങളിൽനിന്നു ലഭിച്ച 1,600-ഓളം ഡിഎൻഎ സാമ്പിളുകൾ വീണ്ടും ലാബിലേക്ക് അയച്ചു. ഇതിനിടയിൽ പ്രശസ്തമായ ക്രൈം പ്രോഗ്രാമിലൂടെ ആമിയുടെ കഥ ജനങ്ങളിലേക്കുമെത്തി.
ഇതും ചില നിർണായക വിവരങ്ങൾ പോലീസിനു നൽകി. പരിശോധനയിൽ ആമിയുടെ ജീൻസിൽനിന്നു സംശയാസ്പദമായ രീതിയിൽ, ഒരു പുരുഷന്റെ ഡിഎൻഎ കണ്ടെത്തി. ഒടുവിൽ അന്വേഷണം നീണ്ടത് 81 വയസുകാരനിലേക്കായിരുന്നു.
പീഡനക്കേസിൽ നേരത്തെയും പ്രതി
നിലവിൽ വൃദ്ധസദനത്തിൽ കഴിയുകയായിരുന്ന പ്രതിക്ക് പഴയൊരു ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നു. 1999-ൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. അന്ന് ശേഖരിച്ച ഡിഎൻഎ വിവരങ്ങൾ പിന്നീട് നിയമപരമായ കാരണങ്ങളാൽ നീക്കം ചെയ്യപ്പെട്ടെങ്കിലും, പോലീസ് പുതിയൊരു ഉമിനീർ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചപ്പോൾ അത് ആമിയുടെ വസ്ത്രത്തിൽനിന്ന് കിട്ടിയതുമായി ഒത്തുചേരുന്നതായിരുന്നു.
എത്ര കാലം കഴിഞ്ഞാലും ഗുരുതരമായ കുറ്റകൃത്യങ്ങളിൽനിന്ന് ആർക്കും രക്ഷപ്പെടാൻ കഴിയില്ല എന്നതിന്റെ തെളിവാണ് ഈ അറസ്റ്റെന്ന് മൻവൈലർ പറഞ്ഞു. 81 വയസുകാരനായ പ്രതി ഇപ്പോൾ റിമാൻഡിലാണ്.
പോലീസ് ആമിയുടെ പിതാവിനെ വിളിച്ച്, മകളുടെ കൊലയാളിയെ പിടികൂടിയ വിവരം ഔദ്യോഗികമായി അറിയിച്ചു. 32 വർഷങ്ങൾക്കുശേഷം തന്റെ മകളുടെ മരണത്തിന് ഉത്തരവാദിയായ ആൾ അറസ്റ്റിലായ വിവരം ആ പിതാവിനു വലിയ ആശ്വാസമായി. പോലീസിനു നന്ദി. ഈ അധ്യായം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
കോബ്ലെൻസ് നഗരത്തിന്റെ മനസിൽ ഉണങ്ങാത്ത മുറിവായി അവശേഷിച്ചിരുന്ന ആമി ലോപസ് കൊലക്കേസിന് മൂന്നു പതിറ്റാണ്ടിനുശേഷം തിരശീല വീഴുമ്പോൾ, അത് ശാസ്ത്രത്തിന്റെയും അചഞ്ചലമായ നീതിനിർവഹണത്തിന്റെയും വലിയ വിജയമായി മാറുന്നു.
National
ന്യൂഡൽഹി: മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയകേസിൽ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിനെ കോടതി വെറുതെ വിട്ടു. പഞ്ചാബ് - ഹരിയാന ഹൈക്കോടതിയാണ് നിർണായകമായ വിധി പ്രസ്താവിച്ചത്.
2002ലായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിയാനയിലെ സിർസയില്‍ വീടിന്റെ മുന്പില് വച്ചാണ് മാധ്യമപ്രവര്‍ത്തകനായ റാം ചന്ദർ ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടത്. തുടർന്ന് ഗുര്‍മീത് റാം റഹിം സിംഗിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാൾക്കെതിരെ വാര്‍ത്ത നല്കിയതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് കേസ്. കേസിൽ റാം റഹിം ശിക്ഷിക്കപ്പെട്ട് ഏഴു വർഷത്തിനുശേഷമാണ് ഹൈക്കോടതിയുടെ വിധി വരുന്നത്.
District News
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആക്രമിയുടെ കുത്തേറ്റ് മരണമടഞ്ഞ ഡോ. വന്ദന ദാസ് കേസിലെ പ്രതിഭാഗം സാക്ഷി വിസ്താരം കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജ് പി. എൻ. വിനോദ് മുമ്പാകെ പൂർത്തിയായി.
പ്രതി സന്ദീപി െ ന്റ സഹപ്രവർത്തകരും അധ്യാപകരുമായ ശ്രീകുമാർ, ഹേമൻ, പ്രതിയെ തടവിൽ പാർപ്പിച്ചിട്ടുള്ള തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട് എന്നിവരെയാണ് പ്രതിഭാഗം സാക്ഷിപട്ടികയിൽ ചേർത്ത് കോടതി മുമ്പാകെ വിസ്തരിച്ചത്.
പ്രതി യാതൊരുവിധവുമായ മോശ സ്വഭാവമുള്ള വ്യക്തിയുമല്ല എന്ന നിലപാടാണ് പ്രതിയുടെ സഹപ്രവർത്തകർ കോടതിയിൽ സ്വീകരിച്ചത്. കൂടാതെ പ്രതി നന്നായി കവിത പാടുന്ന ആളാണെന്നും നന്നായി ചിത്രം വരയ്ക്കുവാനും പാടുവാനും അഭിനയിക്കുവാനും കഴിവുള്ള ആളാണ് എന്നും സാക്ഷികൾ കോടതി മുമ്പാകെ മൊഴി നൽകി.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാനസിക രോഗ വിദഗ്ധനായ ഡോ. കൃഷ്ണനെ കോടതിയിൽ പ്രതിഭാഗം വീണ്ടും വിസ്തരിച്ചു.എന്നാൽ പ്രതിക്ക് നൽകിയ മരുന്നുകൾ ഗുരുതരമായ മാനസിക രോഗത്തിന് നൽകുന്നവയല്ലെന്നു സ്പെഷൽ പ്രോസിക്യൂട്ടറുടെ റീ എക്സാമിനേഷനിൽ ഡോക്ടർ മൊഴി നൽകി.
പ്രതിയുടെ ജയിലിലെ പെരുമാറ്റങ്ങളിൽ യാതൊരു അസ്വാഭാവികതയും താൻ കണ്ടിട്ടില്ലെന്ന് തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട് പ്രോസിക്യൂട്ടറുടെ ക്രോസ് വിസ്താരത്തിനിടെയും കോടതിയിൽ മൊഴി നൽകി.
70 സാക്ഷികളെ വിസ്തരിച്ച കേസിൽ 22 തൊണ്ടി സാധനങ്ങളും 207 രേഖകളും ഹാജരാക്കിയിരുന്നു. കേസിലെ പ്രതിഭാഗം തെളിവ് പൂർത്തി ആയതിനെ തുടർന്ന് പ്രാസിക്യൂഷൻ ഭാഗം അന്തിമവാദം മാർച്ച് രണ്ടിന് നടക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്കുട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവരാണ് ഹാജരാകുന്നത്.
Kerala
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളുടെ വിടുതല്‍ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി.
13ാം പ്രതി സാനിദ്, 16ാം പ്രതി സനീഷ് എന്നിവര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്കിയ ഹര്‍ജിയിലെ വാദമാണു പൂർത്തിയായ ത്.
Kerala
കൊച്ചി: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ച് ഹൈക്കോടതി. തൃശൂര്‍ ചിയ്യാരം സ്വദേശിനി നീതുവിനെ (21) കൊലപ്പെടുത്തിയ കേസില്‍ പ്രതി വടക്കേക്കാട് സ്വദേശി നിതീഷിന്റെ ശിക്ഷയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ശരിവച്ചത്.
2019 ഏപ്രില്‍ നാലിന് പുലര്‍ച്ചെ നീതു താമസിച്ചിരുന്ന വീട്ടിലെ ശൗചാലയത്തില്‍ ഒളിച്ചുകയറിയ പ്രതി കത്തികൊണ്ട് കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് യുവതി മരിച്ചു. വിചാരണയ്ക്കുശേഷം തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇത് ചോദ്യംചെയ്ത് പ്രതി നല്കിയ അപ്പീല്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
Kerala
തൊടുപുഴ: പണത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടർന്നു വയോധികന് മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മകന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ് (75) മരിച്ചത്.
സംഭവത്തില്‍ മകന് രാജേഷിനെ (45)യാണ് കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മകന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റാണ് മരണം സംഭവിച്ചതെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും രാജേഷ് വേലപ്പനെ ആക്രമിക്കുകയുമായിരുന്നെന്നു കരിമണ്ണൂര്‍ സിഐ വി.എസ്. അനില്‍കുമാര്‍ പറഞ്ഞു.
പാലക്കുഴ സ്വദേശികളായ ഇവര്‍ ഉടുമ്പന്നൂര്‍ അമയപ്രക്കു സമീപം വേലപ്പന്റെ മറ്റൊരു മകന് രാജീവ് വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അടിമാലിയിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന രാജേഷ് ഇടയ്ക്കിടെ ഇവിടെ വന്നു താമസിക്കുമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.
വീട്ടില്‍നിന്നു വലിയ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുറ്റത്ത് തലയ്ക്കു പരിക്കേറ്റു രക്തം ഒഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണ് കണ്ടത്. വേലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന് രാജേഷ് വാക്കത്തിയുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ ഭയന്ന നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥത്തെത്തിയ കരിമണ്ണൂര്‍ പോലീസാണ് വേലപ്പനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
Kerala
കോട്ടയം: ജെയ്നമ്മ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മ(48)യെ കൊലപ്പെടുത്തിയ കേസില്‍ സെബാസ്റ്റ്യനെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. ഏറ്റുമാനൂർ കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ കണ്ടെത്തിയ അസ്ഥികൾ ജെയ്നമ്മയുടേത് തന്നെയെന്ന് സ്ഥീരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. സെബാസ്റ്റ്യൻ മാത്രമാണ് പ്രതി.
സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനുമാണ് കേസിൽ നിർണായകമായത്. തെളിവെടുപ്പിൽ അസ്ഥികഷ്ണങ്ങളും ലഭിച്ചിരുന്നു. സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. ഇത് ജെയ്നമ്മയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് കൊലപാതകം നടന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്നത്.
ജെയ്നമ്മയുടെ ഫോൺ സെബാസ്റ്റ്യൻ കൈവശംവച്ച് ഉപയോഗിച്ചതാണ് കുറ്റകൃത്യം തെളിയുന്നതിലേക്ക് എത്തിയത്. ഫോണിന്റെ സ്ഥാനം പിന്തുടർന്നുള്ള അന്വേഷണമാണ് നിർണായക വഴിത്തിരിവായത്. 2024 ഡിസംബറിലാണ് ജെയ്നമ്മയെ കാണാതായത്.
Kerala
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഓപ്പറേഷന് ഡി-ഡാഡ് സെന്ററുകളില്‍ എത്തിയ കേസുകളില്‍ കൂടുതലും കൊല്ലം ജില്ലയില്‍നിന്ന്. ഇവിടെ നിന്ന് 591 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023 ജനുവരി ഒന്നു മുതല്‍ 2026 ജനുവരി 19 വരെയുള്ള സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്.
ഇന്നത്തെ തലമുറയിലെ കുട്ടികളിലും യുവാക്കളിലും കണ്ടുവരുന്ന ഡിജിറ്റല്‍ ആസക്തിയില്‍ നിന്ന് മോചനം നല്‍കാനായി കേരള പോലീസ് തുടങ്ങിയതാണ് ഡിജിറ്റല്‍ ഡി- അഡിക്ഷന് (ഡി- ഡാഡ്) സെന്ററുകള്‍.
ഡിജിറ്റല്‍- ഇ ഉപകരണങ്ങളുടെ അമിത ഉപയോഗം നിയന്ത്രിച്ച് സുരക്ഷിതവും ഉത്തരവാദിത്വവുമുള്ള ഓണ്‍ലൈന്‍ ശീലങ്ങള്‍ രൂപപ്പെടുത്തുക എന്നതാണ് ഡി- ഡാഡ് സെന്ററുകളുടെ ലക്ഷ്യം.
സംസ്ഥാനത്തെ ആറു നഗരങ്ങളില്‍ ആരംഭിച്ച ഡി ഡാഡ് സെന്ററുകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ എട്ട് ജില്ലകളിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.
ഡി- ഡാഡ് സെന്ററുകളില്‍ എത്തിയ കേസുകളില്‍ രണ്ടാം സ്ഥാനം തൃശൂരിനാണ്. ഇവിടെ നിന്ന് 381 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. 345 കേസുകളുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്. ഡിജിറ്റല്‍ ആസക്തിയുമായി ബന്ധപ്പെട്ട് എറണാകുളത്തുനിന്ന് 300 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
റിപ്പോര്‍ട്ട് ചെയ്തത് 2,309 കേസുകള്‍
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഡി- ഡാഡ് സെന്ററുകളിലെത്തിയ കേസുകളുടെ ആകെ എണ്ണം 2,309 ആണ്. നിലവില്‍ 654 കേസുകള്‍ തുടരുന്നുണ്ട്.
കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 315 കേസുകള്‍ റഫര്‍ ചെയ്യുകയുണ്ടായി. 1,306 കേസുകളില്‍ തീര്‍പ്പായി. 34 കേസുകള്‍ ഇടയ്ക്കുവച്ച് നിര്‍ത്തുകയുണ്ടായി.
ജില്ല, ആകെ കേസുകള്‍, തുടരുന്ന കേസുകള്‍, റഫര്‍ ചെയ്തവ, തീര്‍പ്പാക്കിയവ, ഇടയ്ക്കുവച്ച് നിര്‍ത്തിയവ...
ആകെ കേസുകള്‍: 2,309, 654, 315.
National
ന്യൂഡൽഹി: കൊലക്കേസിൽ പ്രതിയെ വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി. 42 വർഷം മുമ്പുള്ള കൊലക്കേസിലാണ് പ്രതി ധനീറാമിനെ കോടതി വെറുതെവിട്ടത്. ഇപ്പോൾ 100 വയസുള്ള പ്രതിയെ സംശയത്തിന്റെ ആനുകൂല്യം നൽകിയും അപ്പീൽ തീർപ്പാക്കുന്നതിലെ അസാധാരണമായ കാലതാമസവും ചൂണ്ടിക്കാട്ടിയുമാണ് വെറുതെവിട്ടത്.
ജസ്റ്റീസുമാരായ ചന്ദ്രധാരി സിംഗ്, സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, 1984ൽ ഹമീർപുർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി പ്രതിയെ വെറുതെ വിടുകയായിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരായ ധനീറാമിന്റെ അപ്പീൽ ഹൈക്കോടതിയിൽ 40 വർഷത്തിലേറെയായി തീർപ്പാക്കാതെ തുടരുകയായിരുന്നു.
Kerala
കണ്ണൂർ: പറശിനികടവിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ചെറുകുന്ന് അയ്യോത്ത് സ്വദേശി സീമ (50) ആണ് മരിച്ചത്.
സീമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ലോഡ്ജിൽ ഒപ്പം ഉണ്ടായിരുന്ന അയൽവാസി കെ.പി. വിജയനെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശിയാണ് വിജയൻ.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിമുതല്‍ ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ചയാണ് സീമയും വിജയനും പറശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്തത്. വൈകുന്നേരം മുറി പൂട്ടി വിജയന് പുറത്തുപോയി. ഇയാള്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതിന് ശേഷം പോലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് സീമയെ മരിച്ച നിലയില്‍ കണ്ടൈത്തിയത്. നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍ മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനോട് പറഞ്ഞു. സീമയുടെ മൃതദ്ദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.